കൊൽക്കത്ത: മൂന്ന് ദിവസമായി അയൽക്കാരിയെ വീടിന് പുറത്ത് കാണാത്തതിൽ സംശയം തോന്നി അന്വേഷിച്ചിറങ്ങിയവർ കണ്ടത് വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്ന ഭർത്താവിനെ. ഭാരതി ചന്ദ(50) എന്ന സ്ത്രീയുടെ മൃതശരീരമാണ് ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ബച്ചു ചന്ദയെ ചോദ്യം ചെയ്തുവരികയാണ്.
പശ്ചിമബംഗാളിലെ നാദിയയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാരതിയെ അയൽവാസികൾ അവസാനമായി കണ്ടത്. പിന്നീട് ഇവരെ വീടിന് പുറത്ത് കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ വ്യാഴാഴ്ച പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിനൊപ്പം താമസിക്കുന്ന ഭർത്താവിനെ കണ്ടെത്തിയത്. സംഭവം അക്ഷരാർത്ഥത്തിൽ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ഭാരതി. മൃതദേഹത്തിനൊപ്പം താമസിച്ച ബിച്ചുവിന്റെ മാനസിക നില സംബന്ധിച്ച് പൊലീസ് സംശയം പ്രകടിപ്പിച്ചു. സമാന സംഭവങ്ങൾ മുമ്പും കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.