ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എല്‍.ഐസി.യിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നുവെന്നത്. കൂടാതെ ഐ.ഡി.ബി.ഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും ധനമന്ത്രി നിർമല സിതാരാമൻ പ്രഖ്യാപിച്ചു. ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എല്‍.ഐ.സി ഓഹരിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും അവര്‍ പറഞ്ഞു.
ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്. എന്നാൽ, ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടിട്ടില്ല. നേരത്തെ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുൾപ്പെടെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് എല്‍.ഐ.സിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം, ശക്തമായ സമ്പദ്‌വ്യവസ്ഥക്കായി വിശ്വസനീയവും കരുത്തുറ്റതുമായ സാമ്പത്തിക മേഖല നിർണായകമാണെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകൾക്ക് 3.5 കോടി രൂപയുടെ മൂലധനം നൽകി. നിക്ഷേപക ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തും. ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി.