ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പ്രാധാന്യം നൽകിയും ആദായ നികുതി നിരക്കുകളിൽ വാരിക്കോരി ഇളവുകൾ പ്രഖ്യാപിച്ചും രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാമത്തെ ബഡ്‌ജറ്റ് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. മോദി സർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടുള്ളതായിരുന്നു രണ്ട് മണിക്കൂർ 40 മിനുട്ട് നീണ്ടു നിന്ന ബഡ്‌ജറ്റ് അവതരണം. കാർഷികമേഖല, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, നികുതി തുടങ്ങിയ മേഖലകളിൽ കാതലായ വികസന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കാർഷികം
കാർഷികവരുമാനം 18.2ശതമാനത്തിൽനിന്ന് 16.5ശതമാനമായി.
കാർഷികയന്ത്രവൽക്കരണം, കന്നുകാലിവളർത്തൽ, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നൽ.
20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ നൽകും.
കർഷകർക്കായി കിസാൻ റെയിൽ പദ്ധതി.
കാർഷിക സംഭരണ കേന്ദ്രങ്ങൾ തുടങ്ങും.
വ്യോമയാന മന്ത്രാലയം കൃഷി ഉഡാൻ പദ്ധതി നടപ്പിലാക്കും.
തരിശിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കും.
കാർഷിക ചരക്ക് കൈമാറ്റത്തിന് ട്രെയിനുകൾ.
2020ൽ 15 ലക്ഷം കോടി കാർഷിക വായ്പയാണ് ലക്ഷ്യമിടുന്നത്.
കർഷകർക്കായി 16 ഇന കർമ പദ്ധതികൾ.
കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ്.
മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയർത്താൻ നിർദേശം.
2021ൽ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടൺ ആയി ഉയർത്തും.
ക്ഷീരോത്പാദനം ഇരട്ടിയാക്കും.
മത്സ്യമേഖലയ്ക്ക് ആശ്വാസം, സാഗർ മിത്ര പദ്ധതി നടപ്പാക്കും.
ആരോഗ്യ മേഖലയുടെ നവീകരണത്തിനായി നിരവധി പുതിയ പ്രഖ്യാപനങ്ങൾ നടത്തി. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കാണ് 69,000 കോടി രൂപ വകയിരുത്തും.
ആരോഗ്യ മേഖലയിലെ പരിഷ്ക്കാരങ്ങൾ
മിഷൻ ഇന്ദ്രധനുഷ് വിപുലീകരിച്ചു.
ജൻ ജീവൻ മിഷന് 3.6 ലക്ഷം കോടി രൂപ
മിഷൻ ഇന്ദ്രധനുഷിൽ 12 രോഗങ്ങൾ കൂടെ ഉൾപ്പെടുത്തും , ജീവിത ശൈലി രോഗങ്ങളും പദ്ധതിക്ക് കീഴിൽ കൊണ്ടുവരും
112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ നിർമ്മിക്കും
ഡോക്ടർമാരുടെ കുറവ് നികത്താൻ പ്രത്യേക പദ്ധതി.
സ്ത്രീ ശാക്തീകരണം
കേന്ദ്ര സർക്കാരിന്റെ 'ബേട്ടി പഠാവോ ബേട്ടി ബചാവോ" പദ്ധതി വൻ വിജയമായിരുന്നെന്ന് ധനമന്ത്രി നിർമ്മല സീതാരാമാൻ വ്യക്തമാക്കി. ബഡ്‌ജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പരാമർശം. സ്‌കൂൾ അഡ്മിഷനിൽ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെ മറികടന്നെന്നും അവർ പറഞ്ഞു. ബഡ്‌ജറ്റിൽ കുട്ടികളുടെ പോഷകാഹാര പദ്ധതിക്കായി 3,56,000 കോടി രൂപ അനുവദിച്ചു. വനിതാകേന്ദ്രീകൃത പദ്ധതികൾക്കായി 28600 കോടിയും വകയിരുത്തി. പിന്നാക്ക വിഭാഗത്തിന് കൂടുതൽ ഊന്നൽ നൽകുന്നതാണ് കേന്ദ്ര ബഡ്ജറ്റ്. പട്ടികജാതി, ഒബിസി വിഭാഗങ്ങൾക്കായി 85,000 കോടിയും, പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനത്തിനായി 53,700 കോടി രൂപയും അനുവദിച്ചു. സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും പ്രാധാന്യമേറിയതാണ്.
വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ 3000 കോടി നൈപുണ്യവികസനത്തിനാണ്. 'സ്റ്റഡി ഇൻ ഇന്ത്യ' എന്ന പേരിൽ വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ അവസരമൊരുക്കുമെന്നും ബഡ്‌ജറ്റ് അവതരണവേളയിൽ ധനമന്ത്രി വ്യക്തമാക്കി.