വുഹാൻ (ചൈന): കൊറോണ വൈറസ് അതിവേഗം ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് ഇതിനകം തന്നെ വൈറസ് ബാധിച്ച് മരണപ്പെട്ടതും, ചികിത്സയിലുള്ളതും. അപകടകാരിയായ കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താൻ ചൈനീസ് വിദഗ്ദർ പുതിയ സംവിധാനം വികസിപ്പിച്ചു. രോഗം ബാധിച്ചവരെ അതിവേഗം പരിശോധിച്ച് റിപ്പോർട്ട് ലഭിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയിൽ വിതരണം ചെയ്തുതുടങ്ങി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും, വുക്സി ആസ്ഥാനമായുള്ള ഹൈടെക് കമ്പനിയും ചേർന്നാണ് ന്യൂക്ലിക് ടെസ്റ്റ് കിറ്റ് നിർമിച്ചത്. എട്ട് മുതൽ 15 മിനിറ്റിനുള്ളിൽ ഈ കിറ്റിലൂടെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയും. കിറ്റ് ഉപയോഗിക്കാനും കയ്യിൽ കരുതാനും സുരക്ഷിതമാണെന്ന് സിറ്റി ബ്യൂറോ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി അധികൃതർ അറിയിച്ചു. പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും കിറ്റ് ഉപകാരപ്പെടും എന്നതിനാൽ നിരവധിപേരാണ് ആവശ്യക്കാരായി എത്തുന്നത്.
കിറ്റിന്റെ ഉൽപാദനം വൻ തോതിലാണ് ചൈനയിൽ നടക്കുന്നത്. കിറ്റ് വികസിപ്പിക്കുന്നതിനായി ജനുവരി 20 നാണ് കമ്പനിക്ക് അറിയിപ്പ് ലഭിക്കുന്നത്. പ്രതിദിനം 4,000 കിറ്റുകൾ നിർമ്മിക്കാൻ കഴിയുമെന്ന് കമ്പനി അതികൃതർ അറിയിച്ചത്. ഉൽപാദനം വർദ്ധിപ്പിക്കാൻ സർക്കാർ സഹായവും കമ്പനിക്ക് ലഭിക്കുന്നുണ്ട്.