virology

തിരുവനന്തപുരം: സംസ്ഥാനം കൊറോണ ഭീതിയിൽ നിൽക്കെ കേരളത്തിൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന തിരുവനന്തപുരം തോന്നയ്ക്കലിലെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ പൂർണമായ തോതിൽ പ്രവർത്തിച്ച് തുടങ്ങിയില്ല. കെട്ടിടം ഉൾപ്പെടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികഞ്ഞെങ്കിലും രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനം ഇതുവരെ തുടങ്ങാനാവാതെ ഇഴഞ്ഞുനീങ്ങുകയാണ്. തോന്നയ്ക്കലിൽ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബയോ ലൈഫ് സയൻസ് പാർക്കിലെ 25 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും പ്രവർത്തിച്ച് തുടങ്ങണമെങ്കിൽ ഇനിയും കടമ്പകൾ ഏറെ കടക്കാനുണ്ട്. ഇൻസ്റ്റിറ്ര്യൂട്ട് കഴിഞ്ഞവർഷം അവസാനം പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. പിന്നീട് ജനുവരിയിലേക്ക് മാറ്റി. എന്നിട്ടും ഇതുവരെ പൂർണതോതിലുള്ള പ്രവർത്തനം തുടങ്ങാനായിട്ടില്ല. ഇതുവരെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളോ ലബോറട്ടറി ഉപകരണങ്ങളോ സ്ഥാപിക്കാനായിട്ടില്ല.

ജീവനക്കാരേയും വിന്യസിച്ചിട്ടില്ല. 18 ജീവനക്കാരെ നിയമിക്കാൻ ധനകാര്യ വകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ, മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാത്തത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ആരംഭിക്കാത്തതിന് പ്രധാന കാരണമായതായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഉന്നത വൃത്തങ്ങൾ 'ഫ്ലാഷി'നോട് സ്ഥിരീകരിച്ചു. ചില തസ്തികളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചെങ്കിലും യോഗ്യരായ ഒരാൾ പോലും അഭിമുഖത്തിനെത്തിയില്ല. പൂനെയിലേക്ക് വിടണ്ട ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ തുടരുകയാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പോസ്റ്റിലേക്ക് ആളെ വിളിച്ചിട്ടുണ്ടെങ്കിലും യോഗ്യരായ ആരേയും കിട്ടിയിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം തുടങ്ങിയാൽ സാമ്പിളുകൾ പൂനെയിലേക്ക് അയയ്ക്കേണ്ടിവരില്ല. നല്ലൊരു ശാസ്ത്രജ്ഞന്റെയും സാങ്കേതിക പ്രവർത്തകരുടെയും സഹായം ഞങ്ങൾക്ക് അത്യാവശ്യമായിട്ടുണ്ട്. ഇപ്പോൾ ഒരു സീനിയർ അഡ്വൈസറെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. പുനെയെക്കാൾ മികച്ചത് ആലപ്പുഴയിൽ വൈറോളജി ലാബുണ്ടെങ്കിലും നിപ്പ പിടിമുറുക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടെന്ന ആവശ്യം ശക്തമായത്. പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിനെക്കാൾ സാങ്കേതിക തികവോടെ പരിശോധനകൾ തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ സാധ്യമാകും.