ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൗതുകം നിറച്ച് അപര സ്ഥാനാർത്ഥികളും അപര പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും. ആം ആദ്മി പാർട്ടിക്കെതിരെ മത്സരരംഗത്തുള്ളത് സമാന പേരിലുള്ള മൂന്നു പാർട്ടികൾ. ആപ് കി അപ്നി പാർട്ടി, അൻജാൻ ആദ്മി പാർട്ടി, ആം ആദ്മി സംഘർഷ് പാർട്ടി എന്നിവയാണ് വിവിധ മണ്ഡലങ്ങളിൽ കേജ്‌രിവാളിന്റെയും സംഘത്തിന്റെയും വോട്ടുകുറയ്ക്കാൻ ലക്ഷ്യമിട്ട് സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്. സബ്സെ ബഡാ പാർട്ടി, ടിപ്പു സുൽത്താൻ പാർട്ടി, എം.കെ.വി.പി പാർട്ടി തുടങ്ങിയ ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും വലിയൊരു നിരയുണ്ട്. ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയിരിക്കുന്ന മണ്ഡലങ്ങളിലൊന്ന് കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹിയാണ്. 28 സ്ഥാനാർത്ഥികൾ. ഇതിൽ 11 സ്വതന്ത്രർ.
ആകെയുള്ള 70 മണ്ഡലങ്ങളിലായി പാട്ടുകാരൻ, പച്ചക്കറി കടക്കാരൻ, പാസ്റ്റർ, പെയിന്റർ തുടങ്ങി സ്ഥാനാർത്ഥികളായി 'ആം ആദ്മി'ക്കാരുടെ നീണ്ട നിരയുണ്ട്. ബവാന മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥി അബിപ്‌സ ചൗഹാൻ ജാമിയ ഹംദർദിൽ എം.എസ് സി വിദ്യാർത്ഥിയാണ്.
തിലക് നഗർ മണ്ഡലത്തിൽ എട്ട് അപര സ്ഥാനാർത്ഥികൾ. ആം ആദ്മിയുടെ സിറ്റിംഗ് എം.എൽ.എ ജർണൈൽ സിംഗിനുള്ളത് രണ്ട് അപരൻമാർ. ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ബാബറിന് ഒരു അപരനുണ്ട്. അഖില ഭാരതീയ ജൻ ശക്തി പാർട്ടിയുടെ പേരിൽ ഒരു 'മുലായം സിംഗ്' ബാദ്‌ലി മണ്ഡലത്തിലുണ്ട്. ബദർപുരിലെ സ്വതന്ത്ര സ്ഥാനാർത്ഥി 67 കാരനായ ഓംപ്രകാശ് ഗുപ്തയാണ്. അദ്ദേഹം 42ാം വയസിൽ എൻജിനിയറിംഗ് ബിരുദവും 45-ാം വയസിൽ നിയമബിരുദവും നേടി. സദർ ബസാറിൽ ഒരു പാസ്റ്ററും ഭക്തിഗാന ഗായകനും മത്സരിക്കുന്നുണ്ട്. അഭിഭാഷകർ, ഡോക്ടറേറ്റുള്ളവർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.