km-basheer-death

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും, സുഹൃത്ത് വഫ ഫിറോസ് രണ്ടാംപ്രതിയുമാണ്. 66 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.

മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 100 സാക്ഷികളും 75 തൊണ്ടി മുതലുകളുമാണുള്ളത്. തൊണ്ടി മുതലുകൾ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് കെ.എം ബഷീറിന്റെ ബൈക്കിൽ ശ്രീറാമും,​ വഫയും സഞ്ചരിച്ച കാറിടിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തിയിരുന്നു.

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്നായിരുന്നു വാഹന ഉടമയായ വഫ ഫിറോസിന്റെ മൊഴി. എന്നാൽ വാഹനമോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. എന്നാൽ വഫ അത് നിഷേധിച്ചു. ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ നൽകിയ വിവരം അനുസരിച്ചത് അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന സൂചനയാണുള്ളത്.

ശ്രീറാമിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാർശ നൽകിയിരുന്നു.മുഖ്യമന്ത്രി ശുപാർശ തള്ളി,​ സസ്പെൻഷൻ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.