budget

കൊച്ചി: ബഡ്‌ജറ്റിൽ വ്യക്തിഗത ആദായ നികുതി നിരക്കുകളിൽ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നികുതിഘടന ലളിതമാക്കി പുതിയ സ്ളാബ് പ്രഖ്യാപിച്ചിരിക്കുകയാണ്. പഴയ സ്ളാബ് നിലനിറുത്തിയിട്ടുമുണ്ട്. പുതിയത് 'ഓപ്‌ഷണൽ" ആണ്.

നികുതിനിരക്ക് താഴ്‌ന്ന പുതിയ സ്ളാബ് തിരഞ്ഞെടുക്കുന്നവർക്ക്, നിക്ഷേപങ്ങളിലൂടെ ലഭിക്കുമായിരുന്ന ഇളവുകൾ ഇനി 'ക്ളെയിം" ചെയ്യാനാവില്ല. നിലവിൽ ഒരാൾക്ക് സെക്‌ഷൻ 80സി., സെക്‌ഷൻ 80ഡി തുടങ്ങിയവ പ്രകാരം വിവിധ നിക്ഷേപങ്ങളിലൂടെ നികുതി ഇളവ് നേടാമായിരുന്നു. ഇത്തരം നൂറോളം നിക്ഷേപങ്ങളിൽ എഴുപതും എടുത്തുകളഞ്ഞാണ് പുതിയ സ്ളാബുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ലൈഫ് ഇൻഷ്വറൻസ്, പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സ്‌കീം (എൻ.പി.എഫ്) എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ ആദായ നികുതിദായകമായ വരുമാനത്തിൽ ഒന്നരലക്ഷം രൂപയുടെ ഇളവ് നേടാമായിരുന്നത് പുതിയ സ്ളാബിൽ കിട്ടില്ല.

സെക്‌ഷൻ 80ഡി പ്രകാരം മെഡിക്കൽ ഇൻഷ്വറൻസ്, ഭവന വായ്‌പാ പലിശ, സെക്‌ഷൻ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്‌പയുടെ പലിശ, സെക്‌ഷൻ 80ജി പ്രകാരം ആതുരാലയങ്ങൾക്ക് സംഭാവന എന്നിവ ചൂണ്ടിക്കാട്ടിയുള്ള ഇളവും കിട്ടില്ല.

ആദായ നികുതി നിയമം ചാപ്‌ടർ 6എ പ്രകാരം സെക്‌ഷൻ 80സി.സി.സി, സി.സി.ഡി, 80ഇ തുടങ്ങിയവ പ്രകാരം ലഭിച്ചിരുന്ന ഇളവും ഒഴിവാക്കി.

സെക്‌ഷൻ 80സി.സി.ഡി പ്രകാരം, തൊഴിലുടമ നാഷണൽ പെൻഷൻ സ്‌കീമിൽ 10 ശതമാനം വിഹിതം അടയ്‌ക്കുന്നുണ്ടെങ്കിൽ പുതിയ സ്ളാബിൽ ഇളവ് കിട്ടും. ഉദാഹരണത്തിന്, ഒരാളുടെ പ്രതിവർഷ വരുമാനം അഞ്ചുലക്ഷം രൂപ എന്നിരിക്കട്ടെ. തൊഴിലുടമ, ഇതിന്റെ 10 ശതമാനം (50,000 രൂപ) എൻ.പി.എസിൽ അടയ്ക്കുന്നുണ്ടെങ്കിൽ അതിന് ഇളവ് ക്ളെയിം ചെയ്യാം.

സെന്റർ സ്പ്രെഡ്

...................................

ആദായ നികുതി: മാറ്റവും നേട്ടവും

നിലവിലെ സ്ളാബ്

₹5 ലക്ഷം വരെ : നികുതിയില്ല

₹5 - 7.5 ലക്ഷം : 20%

₹7.5-10 ലക്ഷം : 20%

₹10-12.5 ലക്ഷം : 30%

₹12.5-15 ലക്ഷം : 30%

₹15 ലക്ഷം+ : 30%

പുതിയ സ്ളാബ്

(ഓപ്‌ഷണൽ, ഇളവുകൾ അവകാശപ്പെടാനാവില്ല)

₹5 ലക്ഷം വരെ : നികുതിയില്ല

₹5 - 7.5 ലക്ഷം : 10%

₹7.5-10 ലക്ഷം : 15%

₹10-12.5 ലക്ഷം : 20%

₹12.5-15 ലക്ഷം : 20%

₹15 ലക്ഷം+ : 30%

പുതിയ സ്ളാബിലേക്ക്

മാറിയാൽ നേട്ടം

പുതിയ സ്ളാബ് തിരഞ്ഞെടുത്താൽ ഒരാൾക്ക് 78,000 രൂപവരെ ലാഭിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കി. നേട്ടത്തിന്റെ കണക്ക് ഇങ്ങനെ:

 വരുമാനം ₹5-7.50 ലക്ഷം

#നിലവിലെ നികുതി : 20%

# ബാദ്ധ്യത : ₹50,000

#പുതിയ നികുതി : ₹10%

#ബാദ്ധ്യത : ₹25,000

#നേട്ടം : ₹25,000

 വരുമാനം ₹7.50-10 ലക്ഷം

#നിലവിലെ നികുതി : 20%

# ബാദ്ധ്യത : ₹50,000

#പുതിയ നികുതി : ₹15%

#ബാദ്ധ്യത : ₹37,500

#നേട്ടം : ₹12,500

ആകെ നേട്ടം: ₹25,000+₹12,500=₹37,500

 വരുമാനം ₹10-12.50 ലക്ഷം

#നിലവിലെ നികുതി : 30%

# ബാദ്ധ്യത : ₹75,000

#പുതിയ നികുതി : ₹20%

#ബാദ്ധ്യത : ₹50,000

#നേട്ടം : ₹25,000

ആകെ നേട്ടം: ₹25,000+₹12,500+₹25,000=₹62,500

 വരുമാനം ₹12.50-15 ലക്ഷം

#നിലവിലെ നികുതി : 30%

# ബാദ്ധ്യത : ₹75,000

#പുതിയ നികുതി : ₹25%

#ബാദ്ധ്യത : ₹62,500

#നേട്ടം : ₹12,500

ആകെ നേട്ടം: ₹25,000+₹12,500+₹25,000+₹12,500=₹75,000

(ഇതോടൊപ്പം സെസിലും സർചാർജിലും ഉണ്ടാകുന്ന കുറവ് പരമാവധി:₹3,000)

അതായത്, ആകെ നേട്ടം : ₹78,000.

ലക്ഷ്യം

നിലവിലെ ആദായ നികുതി ഘടന ലളിതവും സുതാര്യവുമാക്കുകയാണ് പുതിയ സ്ളാബിന്റെ ലക്ഷ്യം. നികുതി റിട്ടേൺ സമർപ്പണം മറ്രൊരാളെ ആശ്രയിക്കാതെ തന്നെ നടത്താം. കൂടുതൽ പേർ ആദായ നികുതി ചട്ടക്കൂടിനുള്ളിൽ എത്തുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

₹40,000 കോടി നഷ്ടം

ആദായ നികുതിക്ക് പുതിയ സ്ളാബ് കൊണ്ടുവന്നതിലൂടെ, സർക്കാരിന്റെ വരുമാനത്തിൽ 40,000 കോടി രൂപയുടെ കുറവുണ്ടാകും. ഇതെങ്ങനെ സർക്കാർ നികത്തും? എൽ.ഐ.സി ഉൾപ്പെടെ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‌പന, കൂടുതൽ നികുതിദായകർ എത്തുമ്പോഴുള്ള നേട്ടം, റിസർവ് ബാങ്കിൽ നിന്നുള്ള ലാഭവിഹിതം എന്നിവയാണ് സർക്കാരിന്റെ മനസിൽ.