അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്‍ലിം സർവകലാശാലയിലെ പ്രതിഷേധസമരത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് അറസ്റ്റിലായ ശിശുരോഗവിദഗ്ദ്ധൻ ഡോ. കഫീൽഖാനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആദ്യം അലിഗഡ് ജയിലിലേക്ക് അയച്ച കഫീൽ ഖാനെ മണിക്കൂറുകൾക്കുള്ളിൽ മധുര ജയിലിലേക്ക് മാറ്റി. ഡിസംബർ 12ന് അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ബുധനാഴ്ച രാത്രി മുംബയ് വിമാനത്താവളത്തിൽവച്ച് കഫീൽഖാനെ യു.പി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബയിൽ നടക്കാനിരുന്ന പ്രതിഷേധസമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കഫീൽ ഖാൻ. അലിഗഡിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രസംഗത്തിൽ വർഗീയത നിറഞ്ഞ പരാമർശങ്ങൾ കഫീൽഖാൻ നടത്തിയതായാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. കൂടാതെ ആർ.എസ്.എസിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. യു.പിയിലെ ഗൊരഖ്പുർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ശിശുരോഗവിദഗ്ദ്ധനായിരുന്ന ഡോ. കഫീല്‍ ഖാൻ ഇപ്പോൾ സസ്‌പെൻഷനിലാണ്.