തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര ബഡ്ജറ്റ് തീർത്തും അവഗണിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയപ്പോൾ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയതു കഴിഞ്ഞ മാസമാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തിൽ ബഡ്ജറ്റിലും.
സഹകരണ സംഘങ്ങൾക്ക് മേൽ 22 ശതമാനം നികുതിയും സർച്ചാർജും എന്ന ബഡ്ജറ്റിലെ നിർദ്ദേശം സഹകരണ പ്രസ്ഥാനങ്ങൾക്കും അവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും ആപൽക്കരമാണ്. സഹകരണമേഖലയെ വളർത്തേണ്ട ഘട്ടത്തിൽ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിർദ്ദേശവുമായി മുമ്പോട്ടുപോവുന്നത്
ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേന്ദ്ര നികുതിയിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയിൽ വലിയ തോതിലുള്ള ഇടിവു വരുന്നുവെന്നതും ഉൽക്കണ്ഠാജനകമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതലായി വിറ്റഴിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബഡ്ജറ്റ്, കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. നിലവിലുള്ളതിനേക്കാൾ പല രംഗങ്ങളിലും വെട്ടിക്കുറവും വരുത്തി. ജി.എസ്.ടി കാര്യത്തിൽ അർഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളിൽ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾ ഫെഡറൽ സത്തയ്ക്ക് വിരുദ്ധമായി കൂടിയ തോതിൽ കവരാനും ശ്രമിക്കുന്നു.
സെമി ഹൈ സ്പീഡ് കോറിഡോർ, അങ്കമാലി-ശബരി റെയിൽപാത, ജി.എസ്.ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയർത്തൽ, റബ്ബർ സബ്‌സിഡി ഉയർത്തൽ, കേരളത്തിന് എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കൽ, ഗൾഫ് നാടുകളിലെ എംബസികളിൽ അറ്റാഷെകളുടെ എണ്ണം വർദ്ധിപ്പിക്കൽ, പ്രവാസി പുനരധിവാസം തുടങ്ങി കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. കോർപ്പറേറ്റ് നികുതി മേഖലയിൽ ആവർത്തിച്ച് ഇളവുകൾ അനുവദിച്ചതും കാർഷികോല്പാദനം കൂട്ടാൻ പദ്ധതികളില്ലാത്തതും എൽ.ഐ.സിയിലെ സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതും മറ്റും കേന്ദ്രസർക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്ന് വ്യക്തമാക്കുന്നു.
ആഗോളവൽക്കരണ നയങ്ങൾ വലിയ മാന്ദ്യവും വൈഷമ്യവും ഉണ്ടാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യുമെന്നതിന്റെ പ്രഖ്യാപനമാണ് ബഡ്ജറ്റിൽ. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കാര്യമായി പരാമർശിക്കുന്നു പോലുമില്ല. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്ക് നയിക്കുന്നതോ അല്ല, മറിച്ച് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിപ്പിക്കാൻ വഴി വയ്ക്കുന്നതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കുന്നതിന് പകരം അതിന് നേർ വിപരീത ദിശയിലാണ് ബഡ്ജറ്റും കേന്ദ്രവും നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.