ബീജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. ഇന്നലെ മാത്രം 46 പേർ മരിച്ചതായാണ് വിവരം. ലോകമെമ്പാടുമായി 22 രാജ്യങ്ങളിലായി, പതിനായിരത്തിലേറെപ്പേർക്ക് നിലവിൽ കൊറോണ ബാധ സ്ഥിരീകരിച്ചു. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയ് പ്രവിശ്യയിൽ നിന്നും ചൈനയിലെ 31 പ്രവിശ്യകളിലേക്കും രോഗം പടർന്നു. രോഗലക്ഷണങ്ങളോടെ ഒന്നേകാൽ ലക്ഷത്തോളം പേർ നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ മറ്റ് രാജ്യങ്ങളും ആരംഭിച്ചു. റഷ്യയിലും ബ്രിട്ടിനിലും സൈപ്രസിലും കൊറോണ സ്ഥിരീകരിച്ചു.
മുഖാവരണങ്ങൾക്ക് ക്ഷാമം നേരിടുന്നതിനാൽ തുർക്കിയിൽ നിന്ന് 20 കോടി മുഖാവരണങ്ങൾ ചൈന ഇറക്കുമതി ചെയ്യും. എല്ലാത്തരം മുഖാവരണങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചു. കൊറോണ ഭീഷണിയെത്തുടർന്ന് 2020ലെ ടോക്കിയോ ഒളിംപിക്സ് റദ്ദാക്കുമെന്ന റിപ്പോർട്ടുകൾ ജപ്പാൻ തള്ളി.
ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ചൈനയിലെ ഓഫീസുകൾ പൂട്ടി.
2003ൽ രണ്ട് ഡസനിലധികം രാജ്യങ്ങളിൽ പടർന്ന് പിടിച്ച സാർസിനെക്കാൾ ഭീകരമാണ് കൊറോണ ബാധയെന്നാണ് വിലയിരുത്തൽ. 8,100 സാർസ് കേസുകളായിരുന്നു 2003ൽ റിപ്പോർട്ട് ചെയ്തിരുന്നത്. 774 പേർക്ക് ജീവൻ നഷ്ടമായി.