kapil-gujjar

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഷഹീൻബാ​ഗിൽ പൗരത്വ നിയമഭേദ​ഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിവയ്പ്. ആർക്കും പരിക്കില്ല. 'ജയ്ശ്രീറാം' വിളിച്ചുകൊണ്ട് സമരക്കാർക്ക് നേരെ ‌വെടിവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പി സ്വദേശിയായ കപിൽ ഗുജ്ജാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൗത്ത് ഈസ്റ്റ് ഡൽഹി ഡപ്യൂട്ടി കമ്മിഷണർ ചിൻമോയ് ബിസ്വാൾ പറഞ്ഞു.

സമരക്കാർ ഇരിക്കുന്ന വേദിക്ക് സമീപമെത്തിയ കപിൽ 'ഹിന്ദുക്കൾ പറയുന്നതേ ഇവിടെ നടക്കൂ, ഹിന്ദുരാഷ്ട്ര് സിന്ദാബാദ്' എന്നു വിളിച്ച് രണ്ടു റൗണ്ട് വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ മുഹമ്മദ് ലുഖ്‍മാൻ എന്നയാൾ തോക്ക് ചൂണ്ടി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

പൗരത്വ നിയമ ഭേദ​ഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾക്ക് നേരെ ദിവസങ്ങൾക്ക് മുമ്പ് ബജ്റംഗദൾ പ്രവർത്തകൻ വെടിവച്ചിരുന്നു.

മോദി സർക്കാർ ചർച്ചയ്ക്ക് തയ്യാർ

ഷഹീൻബാ​ഗിലെ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്.

“ഷഹീൻബാഗിലെ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേ​ദഗതിയെക്കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണ്. പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. ” രവിശങ്കർ‌ പ്രസാദ് ട്വീറ്റ് ചെയ്തു.

എന്നാൽ ഷഹീൻബാ​ഗിലെത്തി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി പറഞ്ഞു. കാരണം അവിടെ എത്തുമ്പോൾ ആരെങ്കിലും മോശമായി പെരുമാറിയാൽ എന്തു ചെയ്യാനാകുമെന്നാണ് മന്ത്രിയുടെ മറുചോദ്യം.