തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്‌ജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് തോമസ് ഐസക്. കഴിഞ്ഞ ബഡ്‌ജറ്റിന്റെ സമ്പൂർണ്ണ തകർച്ചയിൽ നിന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. സാമ്പത്തിക മാന്ദ്യം നേരിടാൻ ഇത്തവണത്തെ ബഡ്‌ജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. കേന്ദ്രസർക്കാര്‍ ആദായനികുതി സംവിധാനത്തെ സങ്കീർണമാക്കുകയാണ് ചെയ്തത്. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കുകയും ചെയ്തെന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കേരളത്തിന് 10,000 കോടി രൂപ കുറച്ചു. പദ്ധതിക്ക് പണം കൂട്ടണമെന്ന് എല്ലാ സംസ്ഥാന ധനമന്ത്രിമാരും ആവശ്യപ്പെട്ടതാണ്. കേരളത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വർഷത്തെ 17872 ൽ നിന്ന് 15236 കോടിയായി കുറഞ്ഞു. 2000ത്തിലധികം കോടി രൂപയാണ് വിഹിതത്തില്‍ കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആർ.ബി.ഐയുടെ വിശ്വാസ്യത കേന്ദ്രസർക്കാർ തകര്‍ക്കുകയാണ്. മുതലാളിമാർക്ക് നികുതിയിളവ് നൽകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് കാശില്ല എന്നു പറഞ്ഞ് നാടിന്റെ സ്വത്ത് ഇതേ മുതലാളിമാർക്ക് വിൽക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.