സോഫിയ കെനിൻ ആസ്ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ
ഫൈനലിൽ ഗാർബീൻ മുഗുരുസയെ കീഴടക്കി
സിഡ്നി: ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കീരിടത്തിൽ അമേരിക്കൻ യുവതാരം സോഫിയ കെനിൻ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലിൽ സ്പാനിഷ് താരം ഗാർബിൻ മുഗുരുസെയ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കെനിൻ തന്റെ കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഇരുപത്തൊന്നുകാരിയായ കെനിൻ.
ആദ്യ സെറ്റ് 4-6ന് നഷ്ടമാക്കിയ ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റുകളും 6-2, 6-2ന് സ്വന്തമാക്കിയാണ് കെനിൻ ആസ്ട്രേലിയൻ ഓപ്പണിന്റെ പുതിയ അവകാശിയായത്.
ഗ്രൗണ്ട് സ്ട്രോക്കുകളുടെ ആധിപത്യത്തോടെ മുഗുരസ ആദ്യസെറ്റ് നേടിയെങ്കിലും തുടർന്ന് ഒരു ഡബിൾ ഫോൾട്ടുപോലും വരുത്താതെ, നാല് ബ്രേക്ക് പോയിന്റും സ്വന്തമാക്കി കെനിന്റെ തകർപ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. കെനിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്.
ഫൈനലിൽ തോറ്രെങ്കിലും 2016ലെ ഫ്രഞ്ച് ഓപ്പണും 2017ലെ വിംബിൾഡണും നേടിയിട്ടുള്ള മുഗുരുസ പരിക്കിനെ തുടർന്ന് കോർട്ടിൽ നിന്ന് മാറി നിന്നശേഷം നടത്തിയ ഗംഭീര തിരിച്ചു വരവ് കൂടിയായി ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പൺ.
കെനിൻ കൊലമാസ്
ഈ ആസ്ട്രേലിയൻ ഓപ്പണാണ് കെനിൻ കരിയറിൽ പ്രീക്വാർട്ടറിനപ്പുറം കടക്കുന്ന ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റ്
ആസ്ട്രേലിയഴ ഓപ്പൺ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം കിരീടം നേടുന്ന മൂന്നാമത്തെ താരമാണ് കെനിൻ.
2008ൽ റഷ്യൻ താരം മരിയ ഷറപ്പോവ കിരീടം ചൂടിയശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടുന്ന പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടവും കെനിനു സ്വന്തം.
20 വയസും 283 ദിവസവും പ്രായമുള്ളപ്പോഴാണ് 2008ൽ ഷറപ്പോവ ആസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്നത്.
21 വയസും 80 ദിവസവും പ്രായമുള്ളപ്പോഴാണ് കെനിന്റെ ആസ്ട്രേലിയൻ ഓപ്പൺ നേട്ടം
കഴിഞ്ഞ വർഷം മൂന്നു ഡബ്ല്യു.ടി.എ സിംഗിൾസ് കിരീടങ്ങൾ നേടിയ കെനിൻ ലോക റാങ്കിങ്ങിൽ 12–ാം റാങ്ക് വരെ എത്തിയിരുന്നു. നിലവിൽ 15–ാം സ്ഥാനത്താണ്.
ലോക റാങ്കിങ്ങിൽ നിലവിൽ 32–ാം സ്ഥാനത്തുള്ള മുഗുരുസ 2017ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
1998 നവംബർ 14ന് റഷ്യക്കാരായ അലക്സാണ്ടറുടേയുംലെനയുടേയും മകളായി മോസ്കോയിലാണ് സോഫിയ കെനിന്റെ ജനനം. അവൾ ജനിച്ച് അധികം വൈകാതെ കുടുംബം യു.എസ് ലേക്ക് മാറുകയായിരുന്നു.
സ്വപ്ന സാക്ഷാത്കാര നിമിഷമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ടാഴ്ചകളാണ് കടന്നു പോയത്. എന്നെ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവരെ നിങ്ങൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.
സോഫിയ കെനിൻ