ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ സർവതലസ്പർശിയാണെന്ന് കാണാം. എന്നാൽ വിവിധ മേഖലകൾ ഒന്നൊന്നായി എടുത്തു പരിശോധിക്കുമ്പോൾ ആഴത്തിൽ തൊട്ടിട്ടുണ്ടെന്ന് പറയാനും കഴിയില്ല. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നതിനുള്ള മാർഗങ്ങൾ വ്യക്തമല്ല. ആ നിലയ്ക്ക് ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള പോംവഴികളും പ്രകടമല്ല.
ബഡ്ജറ്റ് രേഖകൾ എല്ലാം ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഒരു സമ്പൂർണ അവലോകനം അർത്ഥവത്താവുകയുള്ളൂ എന്നറിയാതെയല്ല ഈ വിലയിരുത്തൽ. ബഡ്ജറ്റ് പ്രസംഗത്തിൽ നിർമ്മലാ സീതാരാമൻ ഒരു ഓട്ടപ്രദക്ഷിണം തന്നെ നടത്തിയിരിക്കുന്നു. അവരുടെ ആ അദ്ധ്വാനത്തെ വിലകുറച്ചു കാണുന്നില്ല. എന്നാൽ ഈ പ്രഖ്യാപനങ്ങൾ പ്രസ്താവനകൾ മാത്രമായി അവശേഷിക്കാതിരുന്നാലേ അനന്തരഫലം യാഥാർത്ഥ്യമാകൂവെന്ന് ഉറപ്പിക്കാനാവുകയുള്ളു.
കർഷകർക്കും, വിവിധ മേഖലകളിൽ ആശ്വാസം നൽകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്. ഡിവിഡന്റ് വിതരണ നികുതി ഇല്ലാതാക്കിയതും വിദേശ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരങ്ങളും ആനുകൂല്യങ്ങളും നൽകുന്നതും ഒക്കെ വിപണിക്ക് ഉത്തേജനം പകരുന്ന കാര്യങ്ങൾതന്നെയാണ്. എന്നാൽ വിതരണ മേഖലയിൽ ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ വലിയതോതിൽ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് കർഷകർക്ക് 6000 രൂപ നൽകാനുള്ള തീരുമാനം വന്നപോലെ അല്ലെങ്കിൽ യു.പി.എ മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതുപോലെ വിപണിയെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അധികം കാണാനില്ല. പണമില്ലാത്തവരുടെ കൈകളിൽ പണം എത്തുമ്പോഴാണ് ധനവിനിയോഗം കാര്യക്ഷമമാവുന്നത്. അല്ലെങ്കിൽ ഗവൺമെന്റ് വിപുലമായ രീതിയിൽ പണം ചെലവഴിക്കണം. ആ കാര്യത്തിൽ കുറേക്കൂടി സൂക്ഷ്മമായ ഒരു സമീപനം കാട്ടേണ്ടതായിരുന്നു.
എല്ലവരും പ്രതീക്ഷയോടെ കാത്തിരുന്ന ആദായ നികുതിയുടെ കാര്യമെടുത്താൽ 15 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് ആശ്വാസം കിട്ടിയെന്ന തോന്നലുണ്ടായി എന്ന് കാണാമെങ്കിലും ആനുകൂല്യങ്ങൾ എത്ര ലഭിക്കുമെന്നത് പറയാനാകില്ല. നിലവിലുണ്ടായിരുന്ന രണ്ട് സ്ളാബുകൾക്ക് പകരം അഞ്ച് സ്ളാബുകൾ വന്നിട്ടുണ്ട്. പക്ഷേ നികുതി ഇളവുകൾക്കുളള മാർഗങ്ങൾ ഭൂരിഭാഗവും ഒഴിവാക്കുന്നതിലൂടെ പ്രതീക്ഷിച്ച ഗുണം പൂർണമായി കിട്ടുമോയെന്ന സംശയം ബാക്കി നിൽക്കുന്നു.
ബഡ്ജറ്റിൽ പൊതുവേ തൊഴിൽ സൃഷ്ടിക്കാനുള്ള അവസരങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവ വ്യക്തമായി വിശദീകരിക്കുന്നില്ല. ചെറുകിട ഇടത്തരം വ്യവസായ മേഖലകൾക്കായി ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപ വിറ്റു വരവുള്ള കച്ചവടക്കാർക്കും സ്ഥാപനങ്ങൾക്കും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ആഡിറ്റിംഗ് വേണ്ട എന്നത് ഒട്ടേറെപ്പേർക്ക് പ്രയോജനം ചെയ്യും. എന്നാൽ 5 ശതമാനത്തിൽ കൂടുതൽ പണമിടപാട് പാടില്ലാത്തതിനാൽ അവർ ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറേണ്ടിയുംവരും.
കാർഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സൗരോർജ ഉത്പാദനവും കൃഷിയും സംയോജിപ്പിക്കുന്നത് നല്ലതാണ്. 35 ലക്ഷം കർഷകർക്ക് സൗരോർജ പമ്പ് നൽകും. തരിശുഭൂമിയിൽ സൗരോർജ പാടങ്ങൾ ആരംഭിക്കാൻ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൈവ കൃഷിയോട് അനുഭാവം പുലർത്തുകയും രാസവള സബ്സിഡി എടുത്തുകളയുകയും ചെയ്തിരിക്കുന്നു. ഇത് രാസവള ഫാക്ടറികളെ ബാധിക്കാനിടയുണ്ട്. രാസവളത്തിൽ നിന്ന് ജൈവവളത്തിലേക്ക് പോകുമ്പോൾ കൃഷി ഉത്പാദനം എങ്ങനെയാകുമെന്ന ആശങ്കയും ഇല്ലാതില്ല. രാസവള ഫാക്ടറിക്കാർക്ക് നൽകിവന്ന സബ്സിഡി കർഷകന് കിട്ടാനുള്ള മാർഗങ്ങൾ ആരായേണ്ടിയിരുന്നു.
വെയർഹൗസുകൾ രൂപീകരിക്കാനുള്ള തീരുമാനവും തീവണ്ടികളിൽ കോൾഡ് ചെയിൻ സ്ഥാപിക്കാനുള്ള തീരുമാനവും കർഷകർക്ക് വളരെയധികം ഗുണം ചെയ്യും. ഹോർട്ടികൾച്ചർ രംഗത്തും പുതിയ കാൽപയ്പുകൾ ഉണ്ട്. ഓരോ ജില്ലയ്ക്കും ഓരോ ഉത്പന്നമെന്നത് നല്ല പദ്ധതിയാണ്. കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ നൂലാമാലകൾ കാരണം ഇത് നമ്മൾക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന് ഇപ്പോൾ പറയാനാകില്ല. ആ നിയമത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. റിയൽ എസ്റ്റേറ്റുകാർക്ക് ഭൂമി കൊടുക്കരുതെന്ന് പറയാം.പക്ഷെ എന്തു വേണമെങ്കിലും കൃഷിചെയ്യുനുള്ള അവകാശം ഭൂവുടമയ്ക്ക നൽകുക തന്നെ വേണം.
വിദ്യാഭ്യാസ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ വായ്പ സ്വീകരിക്കലും പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാർഹമാണ്. സ്വകാര്യ മേഖലയെ സഹകരിപ്പിച്ചാലേ ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുകയുള്ളൂ. കൊച്ചിയിൽ ഒരു സ്വകാര്യ സർവകലാശാലയ്ക്ക് സർക്കാർ അംഗീകാരം കൊടുത്തതുപോലെ അതൊരു നയമാക്കിയാൽ വിദേശ രാജ്യങ്ങളിൽ നിന്നും ഈ മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കാനായേക്കും. വിദേശത്ത് തൊഴിൽ തേടിപ്പോകുന്നവർക്കളള ബ്രിഡ്ജ് കോഴ്സുകൾ തുടങ്ങാനുള്ള തീരുമാനവും കേരളത്തിന് ഗുണകരമാവും.
ഇൻവസ്റ്റ്മെന്റ് ക്ളിയറൻസ് സെൽ രൂപീകരിക്കുന്നത് വ്യവസായം സുഗമമായി നടത്താൻ സഹായിക്കും. പുതിയ സ്റ്റാർട്ടപ്പ് നഗരപദ്ധതികളും, ഇലക്ട്രോണിക്, നെറ്റ് വർക്ക് നിർമ്മാണം എന്നിവയിലും കേരളത്തിന് ഇതര സംസ്ഥാനങ്ങളോട് മത്സരിച്ച് നേടാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്.
നാച്വുറൽ ഗ്യാസ് ഗ്രിഡ് ഇരട്ടിയാക്കുമ്പോൾ ദക്ഷിണ കേരളത്തിലും അതിന്റെ പ്രയോജനം കിട്ടുമോയെന്ന് നോക്കണം.
നാഷണൽ മിഷൻ ഓൺ ക്വാണ്ടം ടെക്നോളജി രൂപീകരിക്കുമെന്നത് ഏറ്റവും സ്വാഗതാർഹമായ തീരുമാനമാണ്. ഇന്ത്യ ഒരു വൻ ശക്തിയാണെന്ന് ഇത് തെളിയിക്കും വിദേശത്ത് വളരെ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെ അടക്കം ഇങ്ങോട്ടേക്ക് ആകർഷിക്കാൻ ഈ പദ്ധതിക്കു കഴിയണം.
കേരളത്തെ സംബന്ധിച്ചിടത്തോളം ബഡ്ജറ്റ് ഗുണകരമാണെന്ന് പറയാനാകില്ല. കേരളം പല രംഗങ്ങളിലും മുന്നിൽ നിൽക്കുമ്പോൾ മുൻഗണനാ മാനദണ്ഡങ്ങൾ നമ്മൾക്ക് പല വിഷയങ്ങളിലും ബാധകമാവുകയുമില്ല.
സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന്റെ മാതൃകാ നിയമങ്ങൾ നടപ്പിലാക്കിയാൽ പിന്തുണ ലഭിക്കുമെന്ന പ്രസ്താവനയിൽ ബഡ്ജറ്റിന്റെ രാഷ്ട്രീയവുമടങ്ങിയിട്ടുണ്ട്.