ന്യൂഡൽഹി : ജാമിയ മിലിയയിലെ പ്രതിഷേധക്കാർക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പിന് പിന്നാലെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേരെയും അക്രമി വെടിയുതിർത്തു.ഡൽഹി സ്വദേശിയായ കപിൽ ഗുജ്ജാർ എന്നയാളാണ് വെടിവയ്പ് നടത്തിയത്.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരക്കാർ ഇരിക്കുന്ന വേദിക്ക് സമീപത്തുള്ള ജസോല ട്രാഫിക് ലൈറ്റിലാണ് വെടിവയ്പ് നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ മുഹമ്മദ് ലുഖ്‍മാൻ എന്നയാൾ തോക്ക് ചൂണ്ടിയതിന്റെ പിന്നാലെയാണ് പുതിയ സംഭവവും.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.“ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാറാണ്, പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾ നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണ്,” രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.