corona-virus-

തൃശ്ശൂർ: കൊറോണ വൈറസ് ബാധയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഇതുവരെ മറ്റാർക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 22 പേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. ഇന്ന് തൃശ്ശൂരിൽ നിന്ന് അഞ്ച് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്‍തതായും മന്ത്രി വ്യക്തമാക്കി. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി പൂനെയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം നാളെ ആലപ്പുഴയിൽ എത്തും.

കൊറോണ സ്ഥിരീകരിച്ച പെൺകുട്ടിയുമായി ഇടപഴകിയ കൂടുതൽപേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. കരുതൽ നടപടിയുടെ ഭാഗമായി ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ സ്രവ സാമ്പിൾ പൂനയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത പെൺകുട്ടി പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.