cpm-leader-badal-choudhur

അഗർത്തല: കോടികളുടെ അഴിമതി നടത്തിയെന്ന കേസിൽ മണിക് സർക്കാർ ഗവൺമെന്റിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ബാദൽ ചൗധരിക്ക് ജാമ്യം അനുവദിച്ചു. ചൗധരിക്കെതിരെയുള്ള അഴിമതി കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. 2008-2009 കാലത്തെ അഞ്ച് വീതം പാലങ്ങൾക്കും കെട്ടിടങ്ങൾക്കുമായുള്ള 638കോടിയുടെ പദ്ധതിയിൽ നിന്ന് 228കോടി തട്ടിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

എന്നാൽ അറസ്റ്റ് ചെയ്ത് 87 ദിവസം പിന്നിട്ടിട്ടും ചൗധരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ചൗധരിക്ക് പുറമെ, മുന്‍ ചീഫ് എന്‍ജിനീയർ ഭൗമിക്, മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിംഗ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ചീഫ് എന്‍ജീനിയർ ഭൗമികിനാണ് ആദ്യം ജാമ്യം ലഭിച്ചത്. കൂട്ടുപ്രതിക്ക് ജാമ്യം നൽകിയതിനാൽ തനിക്കും ജാമ്യം വേണമെന്ന് ചൗധരി വാദിക്കുകയായിരുന്നു. തുടർന്നാണ് ചൗധരിക്ക് കോടതി ജാമ്യം അനുവദിച്ചത്.

ത്രിപുര സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് നിയമ-വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നാണ് മുൻ മന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബി.ജെ.പി സർക്കാർ സി.പി.എം നേതാക്കളോട് പക പോക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് മാണിക് സർക്കാർ രംഗത്തെത്തിയിരുന്നു.