ന്യൂഡൽഹി: കേന്ദ്രത്തിന്റെ ബഡ്‌ജറ്റ് പൊള്ളയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി രംഗത്ത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും യുവാക്കൾക്ക് ജോലി നേടാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ഞാൻ ബഡ്ജറ്റിൽ കണ്ടില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ഇതിനെതിരെ മറുപടിയുമായി സ്‌മൃതി രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ബജറ്റ് മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്‌മൃതിയുടെ ചോദ്യം.
ഞാൻ അദ്ദേഹത്തിന്റെ മുന്നിലായിരുന്നു ഇരുന്നത്. ബഡ്‌ജറ്റ് പ്രസംഗത്തിന്റെ പകുതി സമയം കണ്ണ് മൂടി ഇരിക്കുകയായിരുന്നു രാഹുൽ. അതിന് ശേഷം പുറത്തേക്ക് പോയി. ഈ സമയത്താണ് ധനകാര്യ നയങ്ങളെ കുറിച്ചും പ്രത്യക്ഷ നികുതിയെ കുറിച്ചും സംസാരിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു. നിർമലാ സീതാരാമൻ ബഡ്‌ജറ്റ് പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയം രാഹുൽ ചിരിക്കുകയായിരുന്നു. ഗാലറി എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ആരെങ്കിലും ചിരിക്കുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു.
അതേസമയം കേന്ദ്രബഡ്‌ജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തിന്റെ വരുമാനവും നിക്ഷേപവും വർദ്ധിപ്പിക്കും. ഉപഭോഗവും ആവശ്യകതയും വർദ്ധിപ്പിക്കാൻ സഹായകമാകുന്ന നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഇടംനേടിയിട്ടുണ്ട്. ധനകാര്യമേഖലയ്ക്ക് കൂടുതൽ ഉണർവ്വ് പകരുന്നതാണ് ബഡ്ജറ്റെന്നും മോദി പറഞ്ഞു.നിലവിലെ രാജ്യത്തിന്റെ ആവശ്യകതകളും പ്രതീക്ഷകളും നിറവേറ്റുന്നതാണ്. 100 വിമാനത്താവളങ്ങൾ നിർമ്മിക്കുന്ന നിർദ്ദേശം ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും. കുറഞ്ഞ നിക്ഷേപത്തില്‍ കൂടുതൽ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതാണ് ബഡ്ജറ്റെന്നും മോദി പറഞ്ഞു. ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമനെയും സംഘത്തെയും മോദി അഭിനന്ദിച്ചു.