ചെറിയ റോളുകളിലൂടെ എത്തി താരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. ഹിറ്റ് ചിത്രങ്ങളായ കുമ്പളങ്ങി നൈറ്റ്സ്, പറവ, ഇഷ്ക് തുടങ്ങിയവയും മലയാളത്തിൽ ഷെയ്ൻ നിഗമിന് ആരാധകരെ ഉണ്ടാക്കിയ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമാകാൻ ഒരുങ്ങുകയായിരുന്നു താരം. വിക്രം നായകനാകുന്ന കോബ്രയിൽ ഒരു വേഷം ചെയ്യാനിരിക്കുകയായിരുന്നു ഷെയ്ൻ. എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നങ്ങൾ തമിഴിലും ഷെയ്ന് പാരയായി എന്നു വേണം കരുതാൻ.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കോബ്രയിൽ ഷെയ്‌നിനെ മാറ്റി സർജാനോ ഖാലിദിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനമായതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിക്രമിനൊപ്പം ഒരു പ്രധാന റോളിൽ തന്നെയാണ് സർജാനോ അഭിനയിക്കുന്നത്.
ഷെയ്‌നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ അസോസിയേഷൻ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തെഴുതിയതിനു പിന്നാലെയാണ് നടനെ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിർമ്മാതാക്കളുടെ സംഘടനയും ഷെയ്‌നുമായുള്ള പ്രശ്‌നങ്ങൾ തന്നെയാണ് പ്രധാന കാരണം. തുടർന്നാണ് സർജാനോ ഖാലിദിനെ അഭിനയിപ്പിക്കാൻ കോബ്രയുടെ അണിയറപ്രവർത്തകർ തീരുമാനമെടുത്തത്. ചിത്രീകരണത്തിനായി സർജാനോ ഇന്ന് ചെന്നൈയിലെത്തി.
ചിയാൻ വിക്രം, ശ്രീനിധി ഷെട്ടി, ഇർഫാൻ പഠാൻ, കെ.എസ് രവികുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ലളിത് കുമാർ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ.ആർ. റഹ്മാനാണ്.