കൊച്ചി: ബഡ്ജറ്റിൽ വ്യക്തിഗത ആദായ നികുതി നിരക്കുകളിൽ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നികുതിഘടന ലളിതമാക്കി പുതിയ സ്ളാബ് പ്രഖ്യാപിച്ചിരിക്കുകയാണ്. പഴയ സ്ളാബ് നിലനിറുത്തിയിട്ടുമുണ്ട്. പുതിയത് 'ഓപ്ഷണൽ" ആണ്.
നികുതിനിരക്ക് താഴ്ന്ന പുതിയ സ്ളാബ് തിരഞ്ഞെടുക്കുന്നവർക്ക്, നിക്ഷേപങ്ങളിലൂടെ ലഭിക്കുമായിരുന്ന ഇളവുകൾ ഇനി 'ക്ളെയിം" ചെയ്യാനാവില്ല. നിലവിൽ ഒരാൾക്ക് സെക്ഷൻ 80സി., സെക്ഷൻ 80ഡി തുടങ്ങിയവ പ്രകാരം വിവിധ നിക്ഷേപങ്ങളിലൂടെ നികുതി ഇളവ് നേടാമായിരുന്നു. ഇത്തരം നൂറോളം നിക്ഷേപങ്ങളിൽ എഴുപതും എടുത്തുകളഞ്ഞാണ് പുതിയ സ്ളാബുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ലൈഫ് ഇൻഷ്വറൻസ്, പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സ്കീം (എൻ.പി.എഫ്) എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ ആദായ നികുതിദായകമായ വരുമാനത്തിൽ ഒന്നരലക്ഷം രൂപയുടെ ഇളവ് നേടാമായിരുന്നത് പുതിയ സ്ളാബിൽ കിട്ടില്ല.
സെക്ഷൻ 80ഡി പ്രകാരം മെഡിക്കൽ ഇൻഷ്വറൻസ്, ഭവന വായ്പാ പലിശ, സെക്ഷൻ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്പയുടെ പലിശ, സെക്ഷൻ 80ജി പ്രകാരം ആതുരാലയങ്ങൾക്ക് സംഭാവന എന്നിവ ചൂണ്ടിക്കാട്ടിയുള്ള ഇളവും കിട്ടില്ല.
ആദായ നികുതി നിയമം ചാപ്ടർ 6എ പ്രകാരം സെക്ഷൻ 80സി.സി.സി, സി.സി.ഡി, 80ഇ തുടങ്ങിയവ പ്രകാരം ലഭിച്ചിരുന്ന ഇളവും ഒഴിവാക്കി.
സെക്ഷൻ 80സി.സി.ഡി പ്രകാരം, തൊഴിലുടമ നാഷണൽ പെൻഷൻ സ്കീമിൽ 10 ശതമാനം വിഹിതം അടയ്ക്കുന്നുണ്ടെങ്കിൽ പുതിയ സ്ളാബിൽ ഇളവ് കിട്ടും.
ഉദാഹരണത്തിന്, ഒരാളുടെ പ്രതിവർഷ വരുമാനം അഞ്ചുലക്ഷം രൂപ എന്നിരിക്കട്ടെ. തൊഴിലുടമ, ഇതിന്റെ 10 ശതമാനം (50,000 രൂപ) എൻ.പി.എസിൽ അടയ്ക്കുന്നുണ്ടെങ്കിൽ അതിന് ഇളവ് ക്ളെയിം ചെയ്യാം.