ഏതൊരു ദമ്പതികളുടെയും ആഗ്രഹമാണ് താലോലിക്കാനും താരാട്ടുപാടിയുറക്കാനും ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞ് വേണമെന്നത്. കുഞ്ഞിക്കാലും കുഞ്ഞിക്കൈയും വളരുന്നത് ഇമവെട്ടാതെ നോക്കി ഭാവി സ്വപ്നം നെയ്തെടുക്കുന്നതിലും വലിയ പുണ്യമെന്തുണ്ട് ഈ ഭൂമിയിൽ. വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരുടെ മധുരസ്വപ്നങ്ങളിൽ ഏറ്റവും പ്രധാനമാണ് പുഞ്ചിരിതൂകുന്ന കുഞ്ഞുമുഖം. എല്ലാ സ്വപ്നങ്ങളും മനസിൽ കാണുന്ന അതേപടി ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ. ഇത്തരത്തിൽ വർഷങ്ങളോളം പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമില്ലാതെ ജീവിതനൈരാശ്യം ബാധിച്ച് വന്ധ്യതയുടെ കയ്പുനീരനുഭവിച്ച ആയിരക്കണക്കിന് ദമ്പതികളെ ചികിത്സയിലൂടെ സന്തോഷം നിറഞ്ഞ പുതുജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന അപൂർവ വ്യക്തിത്വത്തിനുടമയാണ് രാജ്യാന്തര പ്രശസ്ത ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ദ്ധനുമായ ഡോ. കെ. കെ.ഗോപിനാഥൻ.
നാലുപതിറ്റാണ്ടിലേറെയായി വന്ധ്യതാചികിത്സയിൽ വിശ്രമമില്ലാതെ ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തി ഒട്ടേറെ ദമ്പതികളുടെ സ്വപ്നം പൂവണിയിക്കാൻ ആത്മസമർപ്പണം നടത്തിയ ജീവിതസപര്യയിൽ ഒരു ലക്ഷത്തിലധികം പ്രസവമെടുത്ത ലോകത്തിലെ അപൂർവം ഗൈനക്കോളജിസ്റ്റുകളിലൊരാളായി അദ്ദേഹം മാറിയത് അടുത്തിടെയാണ്. സംസ്ഥാനത്തെ ഇൻഫെർട്ടിലിറ്റി സെന്ററുകളിൽ 1998ൽ ഇക്സി വഴിയുള്ള ആദ്യ ശിശുവിന്റെ പിറവിക്ക് നിമിത്തമായ എടപ്പാൾ ഹോസ്പിറ്റലിന്റെ സ്ഥാപകനും സാരഥിയും പ്രധാന ചികിത്സകനും കൂടിയാണ് ഡോ.കെ. കെ.ഗോപിനാഥൻ. 1978ൽ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് 14 വർഷം സർക്കാർ സർവീസിലും തുടർന്ന് 28 വർഷം എടപ്പാൾ ഹോസ്പിറ്റലിലുമായി 42 വർഷം ആരോഗ്യസേവന മേഖലയിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച്, തന്റേതായ സ്ഥാനം നേടിയെടുത്തത് വന്ധ്യതാ ചികിത്സയിലെ വേറിട്ട ഇടപെടൽ മൂലമാണ്.
തൃശൂർ സ്വദേശിയായ ഡോ. കെ.കെ. ഗോപിനാഥൻ ബെൽഗാമിൽ നിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം. ഡിയും. കോഴ്സ് കഴിഞ്ഞയുടൻ 1978ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഗവ. ഡോക്ടർമാരിലെ ആദ്യ ലാപ്രോസ്കോപ്പിക് സർജന്മാരിലൊരാളാണ്. അക്കാലത്ത് ലാപ്രോസ്കോപ്പി സംവിധാനം വരുന്നത് കുടുംബാസൂത്രണത്തിന്റെ ഭാഗമായി പ്രസവം നിറുത്തുന്നതിനാണ്. പിന്നെ വന്ധ്യതാ ചികിത്സയ്ക്കും. സ്വന്തമായി ലോണെടുത്ത് ലാപ്രോസ്കോപ്പി സംവിധാനം വാങ്ങി 1979 മുതൽ ഡോക്ടർ ശസ്ത്രക്രിയ നടത്തി. അക്കാലത്ത് മെഡിക്കൽ കോളേജുകളിലൊക്കെ ഈ ഉപകരണം ഉണ്ടെങ്കിലും ഉപയോഗിച്ചിരുന്നില്ല. ആദ്യം ഒരു വർഷം പാലക്കാടായിരുന്നു. തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലെത്തി. അന്നൊക്കെ മാസം എണ്ണൂറോളം പ്രസവങ്ങൾ നടന്നിരുന്ന അവിടുത്തെ അനുഭവപരിചയം ഏറെ ഗുണകരമായി. രാവും പകലും നോക്കാതെ രോഗികളുടെ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെടുന്നത് തുടക്കം മുതലേ ശീലമായി. ഗൈനക്കോളജിയിലെ സങ്കീർണമായ കേസുകൾ വിജയകരമായി കൈകാര്യം ചെയ്യാൻ മുതിർന്ന ഡോക്ടർമാരെല്ലാം നല്ല പ്രോത്സാഹനവും നിർദേശങ്ങളും തന്നത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
നാലുവർഷത്തിന് ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ കഥ വ്യത്യസ്തം. എല്ലാം പൂജ്യത്തിൽ നിന്ന് ആരംഭിക്കേണ്ട അവസ്ഥ. പക്ഷേ, തൃശൂരിലെ പരിചയം നിമിത്തം പ്രശ്നങ്ങളെ വേഗത്തിൽ അതിജീവിച്ച് അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുത്തു. വർഷത്തിൽ 19,000 പ്രസവങ്ങൾ അക്കാലത്ത് ഇവിടെ നടന്നിരുന്നു. മലപ്പുറം ജില്ലയിൽ എട്ടുവർഷം വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പിനും നേതൃത്വം നൽകി. 1990ൽ സർവീസിൽ നിന്ന് വിട്ടെങ്കിലും രണ്ടുവർഷം കൂടി സർക്കാരിന് വേണ്ടി എല്ലാ മാസവും വന്ധ്യംകരണ ക്യാമ്പ് നടത്തി. അക്കാലത്താണ് സംസ്ഥാനത്ത് സ്വകാര്യാശുപത്രികളുടെ വളർച്ച തുടങ്ങുന്നത്. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം നൽകാൻ തയ്യാറാകുകയും മലയാളിയുടെ സാമ്പത്തിക അടിത്തറ ശക്തമാകുകയും ചെയ്തതിന്റെ ഭാഗമായാണ് സ്വകാര്യാശുപത്രികളുടെ സാദ്ധ്യത വർദ്ധിച്ചത്. ഈ സമയത്ത് തീർത്തും അവിചാരിതമായി എടപ്പാൾ ഹോസ്പിറ്റൽ എന്ന സംരംഭത്തിലേക്ക് ഡോ.കെ. കെ.ഗോപിനാഥനും ചുവടുവച്ചു. സ്വന്തമായി ഒരു ആശുപത്രി ആരംഭിക്കാമെന്ന ഉദ്ദേശ്യം അക്കാലത്ത് ഉണ്ടായിരുന്നില്ല. ചില സുഹൃത്തുക്കളുടെ താത്പര്യ പ്രകാരം സംരംഭത്തിൽ പങ്കാളിയാവുകയും നിർണായകമായൊരു സന്ദർഭത്തിൽ അത് ഏറ്റെടുക്കുകയുമായിരുന്നു.
1990 ജനുവരി 31ന് ചെറിയ രീതിയിൽ, പ്രസവവും കുട്ടികളുടെ വിഭാഗവുമായി ആശുപത്രി ആരംഭിച്ചു. ആദ്യത്തെ രണ്ടുമൂന്നു വർഷം ഈ സംരംഭം ട്രാക്കിലാക്കാൻ ഏറെ പ്രയത്നിച്ചു. ഇതിനിടെ കൂടുതൽ ഷെയർ കുടുംബത്തിലേക്ക് വന്നു. ഡോ. ഗോപിനാഥൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഗൈനക്കോളജി വിഭാഗം തലവനുമായി. ഭാര്യ ചിത്രാ ഗോപിനാഥൻ മാനേജിംഗ് ഡയറക്ടറായി. സുഹൃത്തുക്കളായ ചില ഡോക്ടർമാരും തുടക്കം മുതൽ കൂടെ നിന്നു.
'' എടപ്പാൾ അന്നൊരു ചെറിയ ഗ്രാമമായിരുന്നു. രണ്ടുസംസ്ഥാന പാതകൾ സംഗമിക്കുന്ന കവല മാത്രം. അക്കാലത്ത് തന്നെ മികച്ച സൗകര്യമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നെല്ലാം ദമ്പതികൾ എടപ്പാളിലെ ഈ ആശുപത്രി തേടിയെത്തി. വന്ധ്യതാ ചികിത്സയിലെ വേറിട്ട ഇടപെടലാണ് പ്രധാന കാരണം, കൂടാതെ പുരുഷ വന്ധ്യതയിൽ തുടക്കം മുതൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതും ഗുണകരമായി. ലോകത്ത് തന്നെ ആദ്യമായിട്ടാകും ഒരു ഗ്രാമത്തിൽ എളിയ നിലയിൽ പ്രസവ ശുശ്രൂഷയുമായി തുടങ്ങിയ ആശുപത്രി, രണ്ടു പതിറ്റാണ്ടിലധികമായി രാജ്യത്തെ മികച്ച വന്ധ്യതാ ക്ലിനിക്കായി മുൻപന്തിയിൽ നിൽക്കുന്നത്. ക്ഷേത്രദർശനമെന്നോ സിനിമയ്ക്കെന്നോ മറ്റോ പറഞ്ഞാണ് മിക്ക ദമ്പതികളും ചികിത്സയ്ക്കെത്തുന്നത്. അന്നത്തെ സാമൂഹികാവസ്ഥ അങ്ങനെയാണ്.
കുട്ടികളുണ്ടാവാത്തതിൽ സമൂഹം സ്ത്രീയെ ഏറെ പഴിച്ചു. പക്ഷേ, ഭൂരിഭാഗം കേസുകളിലും പുരുഷനായിരിക്കും പ്രശ്നം എന്ന യാഥാർത്ഥ്യം ആരും മനസിലാക്കാൻ ശ്രമിച്ചില്ല. പാരമ്പര്യം, ജനിതക തകരാറുകൾ, ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെയാണ് വന്ധ്യതയ്ക്ക് കാരണമായി പറയുന്നത്. ഭാര്യാഭർതൃ ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളും പൊരുത്തമില്ലായ്മയും കൃത്യവും ആരോഗ്യപരവുമായ ലൈംഗിക ബന്ധമില്ലാത്തതും ഭാവിയിൽ വന്ധ്യതയായി ഭവിക്കാം. വിവാഹം കഴിഞ്ഞ് കുട്ടികൾ എന്ന സ്വപ്നത്തേക്കാളുപരി, മികച്ച വരുമാനം, വീട്, കാർ, ഉദ്യോഗക്കയറ്റം, യാത്രകൾ തുടങ്ങിയവയിലാകും ശ്രദ്ധ. രണ്ടോ മൂന്നോ കൊല്ലത്തേക്ക് കുട്ടികൾ വേണ്ടെന്ന് ആദ്യമേ തീരുമാനിക്കും. പിന്നീട് മത്സരാധിഷ്ഠിത ജോലിയുടെ ഭാഗമായി പല ടെൻഷനിലൂടെ ജീവിതം കടന്നുപോകും. ഇത്തരം ഘട്ടത്തിൽ ലൈംഗിക ബന്ധവും കുടുംബബന്ധവുമെല്ലാം യാന്ത്രികമാകും. സാധാരണക്കാരേക്കാൾ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടിയവരിലാണ് പ്രശ്നം കൂടുതലും. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ചോദ്യങ്ങളുയരുമ്പോഴാണ് കുഞ്ഞിക്കാലെന്ന സ്വപ്നത്തിലെത്തുക. അപ്പോഴാകും വന്ധ്യതയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി ഉടലെടുക്കുക. നൂറു ദമ്പതികൾ ചികിത്സ തേടി വരുന്നതിൽ 70 ശതമാനത്തിന്റെയും പ്രശ്നം ഇത്തരത്തിൽ സംഭവിക്കുന്നതാണ്. ഡോക്ടർ പറയുന്നു.
ലാപ്രോസ്കോപ്പിയിലും പുരുഷ വന്ധ്യതാ ചികിത്സയിലുമുള്ള ഡോക്ടറുടെ അനുഭവ പരിചയവും ആത്മവിശ്വാസവുമെല്ലാം ഭൂരിഭാഗം കേസുകളിലും ചികിത്സ വിജയിക്കാൻ ഏറെ സഹായകമായി. ഇതോടെ പിന്തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ദ്രുതഗതിയിലായിരുന്നു ആശുപത്രിയുടെ വളർച്ച. 1996ൽ ആശുപത്രിക്ക് കീഴിൽ സൈമർ (സെന്റർ ഫോർ ഇൻഫെർട്ടിലിറ്റി മാനേജ്മെന്റ് ആന്റ് അസിസ്റ്റന്റ് റീപ്രൊഡക്ഷൻ) ആരംഭിച്ചു. വിദേശികളടക്കം ലക്ഷക്കണക്കിന് ദമ്പതികൾക്ക് സൈമർ ഇന്നൊരു ആശാകേന്ദ്രമാണ്. ഇറക്കുമതി ചെയ്ത മികച്ച ഉപകരണങ്ങൾ, എന്തിനും സന്നദ്ധമായ പരിചയ സമ്പന്നരായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, സഹജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങളിൽ പോലും കാത്തുസൂക്ഷിച്ച അന്താരാഷ്ട്ര നിലവാരം എന്നിവയെല്ലാം ആശുപത്രിയെ വന്ധ്യതാ ചികിത്സയിൽ രാജ്യാന്തര പ്രശസ്തമാക്കി. ആശുപത്രിയിലെ ഫിറ്റൽ മെഡിസിൻ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗർഭസ്ഥ ശിശുപരിചരണ കേന്ദ്രമാണ്. തുടർച്ചയായ ഗർഭഛിദ്രം ഒഴിവാക്കാനും ജനിതക വൈകല്യം തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനും ഇതിലൂടെ സാധിച്ചു. എടപ്പാളിന് പുറമേ കൊച്ചി, കോയമ്പത്തൂർ, ദുബായ് എന്നിവിടങ്ങളിലും സൈമർ യൂണിറ്റ് തുറന്നു.
മൂന്നുപതിറ്റാണ്ടിനിപ്പുറം 280 ബെഡ് സൗകര്യത്തോടെ ഗൈനക്കോളജി, ഇൻഫെർട്ടിലിറ്റി, ഫിറ്റൽ മെഡിസിൻ, പീഡിയാട്രിക്, കാർഡിയോളജി തുടങ്ങി ഒരു ഡസനിലധികം വിഭാഗങ്ങളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വളരാൻ ഡോ.ഗോപിനാഥന്റെ നേതൃത്വത്തിലുള്ള എടപ്പാൾ ഹോസ്പിറ്റലിന് സാധിച്ചു. ഒരു ലക്ഷത്തിലധികം പ്രസവം എന്ന അപൂർവ നേട്ടത്തിൽ മൂവായിരത്തിലധികം ഇരട്ടകളും എഴുനൂറിലധികം ട്രിപ്പ്ലെറ്റുകളും ചുരുക്കം ദമ്പതികൾക്ക് പിറന്ന നാലുകുട്ടികളും ഉൾപ്പെടുന്നു. അക്കാഡമിക് രംഗത്ത് ആശുപത്രി ഗൈനക്കോളജി വിഭാഗം ദേശീയ തലത്തിൽ ഉന്നതനിലവാരം പുലർത്തുന്ന കോഴ്സുകൾ നടത്തുന്നു. എം.ഡിക്ക് തുല്യമായ ഡി.എൻ.ബി (ഡിപ്ലോമാറ്റ് ഇൻ നാഷണൽ ബോർഡ്) കോഴ്സ് 20 വർഷമായി നടത്തുന്നു. റീപ്രൊഡക്ടീവ് മെഡിസിൻ, ഫീറ്റോ മെറ്റേണൽ മെഡിസിൻ എന്നീ ഡിപ്പാർട്ട്മെന്റുകളിൽ എഫ്.എൻ.ബി (ഫെല്ലോഷിപ്പ് ഇൻ നാഷണൽ ബോർഡ്) കോഴ്സും നടത്തിവരുന്നു. ഈ മൂന്ന് കോഴ്സുകളും ഒന്നിച്ചുള്ള രാജ്യത്തെ ഏക സെന്ററാണ് സൈമർ. ഫോഗ്സി അംഗീകൃത ലാപ്രോസ്കോപ്പി, അഡ്വാൻസ്ഡ് ഇൻഫേർട്ടിലിറ്റി, ഫീറ്റൽ മെഡിസിൻ എന്നിവയിൽ ഡോക്ടർമാരുടെ ട്രെയിനിംഗ് സെന്ററുമാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി ആയിരത്തിലധികം ഡോക്ടർമാർ ഇവിടെ പരിശീലനം നേടി. ഇന്ത്യയിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പരിശീലനം നൽകിയതിനുള്ള അംഗീകാരം ഇതിനകം ഡോ.ഗോപിനാഥന് ലഭിച്ചിട്ടുണ്ട്. ദേശീയ അന്താരാഷ്ട്ര തലത്തിൽ വന്ധ്യതാ ചികിത്സ സംബന്ധിച്ച് വിവിധ സെമിനാറുകളിൽ ഡോക്ടർ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഏറെ ശ്രദ്ധേയമാണ്. എടപ്പാൾ ഹോസ്പിറ്റൽ സുദീർഘമായ 30 വർഷം പിന്നിടുന്ന ഈ വേളയിൽ തൃശൂർ കേന്ദ്രീകരിച്ച് അത്യാധുനിക രീതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ഒരു ഹൈടെക് ആശുപത്രി തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഭാര്യ ചിത്രാ- ഗോപിനാഥൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ ഗോപിനാഥൻ, സൈമർ കൊച്ചി യൂണിറ്റ് കൺസൾട്ടന്റ് ആന്റ് സയന്റിഫിക് ഡയറക്ടർ ഡോ. പരശുറാം ഗോപിനാഥ് എന്നിവർ മക്കളാണ്.
r