വിജയനെ കാണാൻ ശാന്തിഗിരിയിൽ എത്തിയ ഓരോ നിമിഷവും ഉദ്വേഗത്തിന്റേതായിരുന്നു. ചെറിയ സ്വീകരണ മുറിയിൽ കാത്തിരുന്നു. വിജയന്റെ സഹായി, അദ്ദേഹം ഉറക്കത്തിലാണെന്നും കാണാൻ വൈകുമെന്നും പറഞ്ഞു. കാത്തിരിക്കാമെന്ന് ഞാൻ അറിയിച്ചു.
ഒടുവിൽ തെരേസ വിജയന്റെ സഹായത്താൽ 'ഇതിഹാസകാരനായ പ്രവാചകൻ" പ്രത്യക്ഷപ്പെട്ടു. കസേരയിൽ ഇരുന്ന വിജയൻ ശാന്തനായി എന്നെ നോക്കി. മൗനത്തിന്റെ നിമിഷങ്ങൾ കടന്നുപോയി. എന്റെ മാനസികാവസ്ഥ അതുവരെ അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. സഹായി ഒരു പാഡും പേനയും അദ്ദേഹത്തിന്റെ കൈയിലേക്ക് തിരുകി.
'സ്വന്തം കാര്യങ്ങൾ പറയൂ"- വിജയൻ എനിക്കായി എഴുതി.
അത്ര വലിയ വായനക്കാരനല്ലാത്ത ഞാൻ കോളേജ് വിദ്യാർത്ഥിയായിരുന്നപ്പോൾ 'ഖസാക്കിന്റെ ഇതിഹാസം" സൃഷ്ടിച്ച അഭൗമമായ വായനാനുഭവം ഇടർച്ചയോടെ പറഞ്ഞു. വിജയന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും കണ്ടില്ല. ഇതിഹാസത്തെ പറ്റി അദ്ദേഹത്തിന്റെ മുന്നിൽ എത്ര വായനക്കാർ സംസാരിച്ചു കാണും... പ്രശസ്ത നിരൂപകർ ഉൾപ്പെടെ.
ക്ഷീണിതനായ വിജയനെ ഒന്നു കണ്ടു പിരിയുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഏറക്കുറെ അങ്ങനെ തന്നെയാണ് സംഭവിച്ചതും. കൈവശമുണ്ടായിരുന്ന വിജയന്റെ സമ്പൂർണ കൃതികളിൽ ആ കൈകൊണ്ട് ഒരു അടയാളം ചാർത്തിക്കിട്ടാൻ ആഗ്രഹിച്ചിരുന്നു. അത് മനസിലാക്കിയ സഹായി പുസ്തകം വാങ്ങി വിജയന്റെ മുമ്പിൽ വച്ചു. പ്രതീക്ഷിച്ചതിലും തെല്ലധികം അദ്ദേഹം എഴുതി:
' സലീമും ഞാനും
നമ്മളൊന്നു തന്നെ.
ഖുദാ ഹാഫിസ്."
ജന്മം കൊണ്ട് ഹിന്ദുവായ എന്നെ എന്റെ പേര് കൊണ്ട് മുസ്ലീം ആണെന്ന് ധരിച്ചു കാണണം. എല്ലാ മതങ്ങളിലെയും നന്മകളെ നെഞ്ചേറ്റുന്ന എനിക്ക് ഒന്നും തോന്നിയില്ല. ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന ആ രൂപം എന്റെ കണ്ണിൽ നിറഞ്ഞു നിന്നു.പാരിസ്ഥിതികതയും ടെക്നോളജിയുടെ നീരാളിപ്പിടിത്തവും മലയാളത്തിൽ പ്രത്യക്ഷ വിഷയമായി വരുന്നതിന് വളരെ മുമ്പ് വന്ന 'മധുരം ഗായതി"യെ പറ്റി പറഞ്ഞപ്പോൾ ഒരു ചെറുപുഞ്ചിരി വന്നു മറഞ്ഞു എന്ന് തോന്നി.
''മധുരം ഗായതി ആസ്വദിച്ചതിൽ സന്തോഷമുണ്ട്.""- പേപ്പറിൽ കുറിച്ചു
ഏതാനും നിമിഷങ്ങൾ കടന്നു പോയി.
''ഇനി ഇങ്ങനെ വല്ലപ്പോഴും കാണാം"" - വീണ്ടും കുറിച്ചു.
അദ്ദേഹത്തിന്റെ പരാധീനതകൾ വർദ്ധിപ്പിക്കാതെ ഞാൻ എഴുന്നേറ്റു. അപ്പോൾ അടുത്തേക്ക് ചെല്ലാൻ സൂചന കിട്ടി. സമീപത്തേക്ക് ചെന്ന് ദുർബലമായ ആ കൈകൾ ഗ്രഹിച്ചു. ഏറെ മോഹിപ്പിച്ച കഥാപാത്രങ്ങൾ വാർന്നു വീണ കൈകൾ എന്റെ കൈകൾക്കുള്ളിൽ.! എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കണ്ണു നിറഞ്ഞു...
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു നിൽക്കുമ്പോഴാണ് ഖസാക്കിന്റെ ആദ്യ വായന. പുനർവായനയിൽ അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ചിത്രങ്ങളായി രൂപപ്പെട്ട് വന്നു. അന്ന് മനസിൽ വന്ന ചിത്രങ്ങൾ 2017ൽ കാൻവാസിൽ പകർത്തി. അക്രിലിക്കിലായിരുന്നു രചന. കൊല്ലത്ത് നടത്തിയ ആദ്യ എക്സിബിഷനിൽ ഖസാക്ക് പ്രേമികൾ കൂട്ടത്തോടെ എത്തി സന്തോഷം പങ്കുവച്ചു. ഏട്ടന്റെ ഓർമ്മകളുമായി പ്രിയ അനിയത്തി ഒ. വി. ഉഷ എത്തിയത് മറ്റൊരു അനുഭവമായി. അതിന് ശേഷം തസ്രാക്കിലെ വിജയൻ സ്മാരക കമ്മിറ്റി പ്രദർശനത്തിന് ക്ഷണിച്ചു. ഒരു തീർത്ഥാടനം പോലെ അവിടെ എത്തിയ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ആസ്വാദകരും നൽകിയ സ്നേഹം എന്നും ഓർമ്മിക്കത്തക്കതായി...