ദേശഭാവനയുടെ സർഗാനുഭവങ്ങൾ വായനക്കാർ പരിചയപ്പെടുന്നത് സാഹിത്യ കൃതികളിലൂടെയാണ്. ലോകത്തെ എല്ലാ ഭാഷകളിലും ദേശപുരാവൃത്തങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാഷ്ട്രങ്ങൾക്കകത്ത് ദേശീയത പോലും ഏകശിലാനിർമ്മിതമല്ല. ആവുകയുമരുത്. ദേശത്തെ ആവിഷ്കരിക്കുമ്പോൾ ഭാഷയുടേയും സംസ്കാരത്തിന്റെയും ഒരു പാട് വൈവിദ്ധ്യങ്ങളിലൂടെ നാം കടന്നുപോവും. ഒരു ഗ്രാമത്തിനകത്തു പോലും ബഹുസ്വരത വെളിപ്പെട്ടുകാണാം. പല ഗോത്ര ഭാഷകൾ സംസാരിക്കുന്ന, പല ഗോത്ര / ജാതി സ്വത്വം പേറുന്ന ആഹാരത്തിലും ആചാരത്തിലും വസ്ത്രത്തിലും അസാധാരണ വൈവിധ്യം നിലനിർത്തുന്ന വിഭാഗങ്ങളെ ഒരു ഗ്രാമത്തിൽ തന്നെയും കണ്ടെത്തിയെന്നിരിക്കും. ഈ വൈവിദ്ധ്യങ്ങൾ അംഗീകരിക്കാതെ ദേശീയത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ജനത രാഷ്ട്രീയമായും സാംസ്കാരികമായും കലഹിക്കുകയോ കുതറുകയോ ചെയ്യുന്നത്. അടിച്ചേൽപ്പിക്കുന്ന ദേശീയതയിലൂടെ രാഷ്ട്രങ്ങൾ പടുത്തുകെട്ടാൻ ശ്രമിക്കുമ്പോൾ ആഭ്യന്തരയുദ്ധങ്ങൾക്കുവരെ അത് കാരണമാവും. ഏകത്വത്തെ നാനാത്വത്തിൽ നിർവചിക്കാൻ കഴിഞ്ഞാൽ ഈ പ്രതിസന്ധി ഒഴിവാക്കുകയും ചെയ്യും. അടിച്ചേൽപ്പിക്കലിന്റെ രാഷ്ട്രീയം മഹാമാരിയായി പടരുന്നു ഇന്ത്യയിൽ.
ഒരു ചരിത്രകാരൻ ദേശത്തെക്കുറിച്ച് എഴുതുന്നതും സർഗ്ഗസാഹിത്യകാരൻ (കവി/നോവലിസ്റ്റ് /ചെറുകഥാകൃത്ത്) ദേശത്തെക്കുറിച്ച് എഴുതുന്നതും വ്യത്യാസമുണ്ട്. സാഹിത്യകാരൻ ഭാവനാത്മകമായാണ് ദേശാവിഷ്കരണം നടത്തുക. നേർഅനുഭവങ്ങളും വായനാനുഭവങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കും. ദേശംചിലപ്പോൾ ഒരു പ്രതീതിമാത്രമായിരിക്കും. ഭാവനാത്മക ആവിഷ്കരിക്കുമ്പോഴാണ് പരിചിത ദേശങ്ങൾ നമുക്ക് അപരിചിതമായിമാറുന്നത്. .
മധു തൃപ്പെരുന്തുറ എന്ന കഥാകാരന്റെ കഥകൾ ആഖ്യാനം/പ്രമേയം എന്നിവയുടെ കാര്യത്തിൽ വൈവിധ്യപൂർണമാണ്. തന്നെത്തന്നെ അനുകരിക്കാൻ ശ്രമിക്കുന്നില്ല ഈ കഥാകാരൻ. ഓണാട്ടുകര (മാവേലിക്കരയും പ്രാന്ത പ്രദേശങ്ങളും) എന്ന ദേശത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ സൂക്ഷ്മമായിത്തന്നെ പല കഥകളിലും പ്രത്യക്ഷപ്പെടുന്നത് കാണാം. ഓണാട്ടുകരയെന്ന ദേശം ആധുനിക കഥയിൽ ഏറ്റവും ഉജ്ജ്വലമായി പ്രത്യക്ഷപ്പെട്ടത് വി.പി.ശിവകുമാറിന്റെ രചനകളിലാണ്. കരയോഗം എന്ന കഥാസമാഹാരം തന്നെ ഉദാഹരണം. ശിവരാമൻ ചെറിയനാടിന്റെ ചില കഥകളും ഓർക്കാം. ഒരു പക്ഷേ അതിനുശേഷം ഓണാട്ടുകരയുടെ ഭാഷയും പ്രകൃതിയും മധുവിന്റെ കഥയിലാണ് ഞാൻ കണ്ടത്. എന്റെ കഥാ വായന അത്രയ്ക്ക് പരപ്പാർന്നതല്ല എന്നതും മധുവെന്ന കഥാകാരനിൽ നങ്കൂരമിട്ടുനിൽക്കാൻ ഒരു കാരണമാവാം.
മായമ്മ എന്ന പേരുപോലും ധ്വനിസാന്ദ്രമാണ്. ഓണാട്ടുകരയുടെ ബുദ്ധപാരമ്പര്യത്തെക്കുറിച്ചുളള സൂചനകൾ, നരവംശശാസ്ത്രപരമായ അന്വേഷണങ്ങൾ മായമ്മ എന്ന കഥയ്ക്ക് അസാധാരണമായ മാനം നൽകുന്നു. വളരെ പരിമിതമായ ഒരു പരിസരത്തെ ആഖ്യാനത്തിലെ സവിശേഷതകൾ കൊണ്ട് അപരിചിതമാക്കി മാറ്റുകയാണ് മധു. ഈ രചനാതന്ത്രം മിക്കകഥകളിലും പ്രകടമാണ്. ഓരോ കഥയ്ക്കും ആവശ്യമായ ആഖ്യാനരീതികളും ഭാഷാപ്രയോഗങ്ങളും ഈ കഥകളുടെ സവിശേഷതയാണ്. മലയാള കഥയുടെ ദീപ്തമായ മുഖം വെളിപ്പെടുത്തുന്നു ഈ കഥാസമാഹാരത്തിലെ മിക്ക കഥകളും.