താരങ്ങൾ എന്നു നാം പറഞ്ഞിരുന്നത് ആകാശത്ത് രാത്രികാലങ്ങളിൽ കണ്ണുചിമ്മി നമ്മെ അത്ഭുതപ്പെടുത്തുന്ന നക്ഷത്രങ്ങളെയാണ്. ഇന്ന് അതുമാറി. ചലച്ചിത്ര താരങ്ങളായി ഭൂമിയിൽ നമ്മോടൊപ്പം ജീവിക്കുന്ന സിനിമ നടനെയോ നടിയെയോ ആണ് ഇപ്പോൾ പറയുന്നത്. മിന്നിമറയുന്ന നിഴൽ ചിത്രങ്ങളായി വെള്ളിത്തിരയിൽ ഒന്നുരണ്ട് തവണ മുഖം കാണിച്ചാൽ പിന്നെ താര പദവിയിലെത്തുകയായി. അതോടെ ചാനലുകാരും ഫാൻസുകാരുമെല്ലാം ചേർന്നു പുതിയ താരോദയം വിളംബരം ചെയ്യുന്നു !
പോസ്റ്ററും ബാനറും ഫ്ളക്സുമൊക്കെ കാണുമ്പോൾ അതേ രീതിയിൽ നമ്മുടെ മുഖവും നാലുപേർ കാണുന്നിടത്തൊക്കെ വന്നാലെന്ന് ആഗ്രഹിക്കുന്നവരാണ് അധികംപേരും. അതിനു എന്തു ത്യാഗവും സഹിക്കാൻ ഇക്കൂട്ടർ തയ്യാറുമാണ്. അത് പറ്റാത്തവർക്ക് ഇന്ന് ഏറെ ആശ്വാസമാണ് സോഷ്യൽ മീഡിയ. ആരുടേയും ഔദാര്യങ്ങൾ ആവശ്യമില്ലാതെ ഇഷ്ടംപോലെ സ്വയം പ്രദർശിപ്പിക്കാൻ പറ്റിയ നല്ല അവസരം, ഏതെല്ലാം പോസിലും സ്റ്റൈലിലുമാണെന്ന് പറയേണ്ടല്ലോ!
ഫോട്ടോ ഷൂട്ട് കഴിഞ്ഞുവരുന്നവഴി ഒരു വീടിന്റെ അടുത്തുള്ള ഗാർഡനിലെ കുറ്റിച്ചെടിയിൽ അങ്ങിങ്ങായി കുഞ്ഞു പൂക്കൾ നിൽക്കുന്നത് കണ്ട് അടുത്തുപോയി നോക്കി. പൂവ് തീരെ ചെറുതായിരുന്നെങ്കിലും ഏറെ പ്രത്യേകതയുള്ളതായി തോന്നി. ശരിക്കും ഒരു നക്ഷത്രത്തിന്റെ ആകൃതി. ഒരു സാധാരണ ചെറിയ കമ്മലിനോളം മാത്രമേ വലിപ്പമുണ്ടാകൂ. എന്നാൽ അതിന്റെ ദളങ്ങളുടെ അറ്റം വളഞ്ഞ് പൂവിനുള്ളിലേക്കു മടങ്ങിയിരിക്കുന്നു. ഏകദേശം ചുവപ്പു കലർന്ന പിങ്ക് നിറമുള്ള പൂവിന്റെ ഉള്ളിലേക്ക് മടങ്ങിയ ഭാഗത്തിന് തീരെ മൃദുവായ അലൂമിനിയം ഫോയിലിന്റെ സമാനമായ ഫിനിഷും നിറവുമാണ് ഉള്ളത്. ഇതിന്റെ വലിയ പ്രിന്റ് കണ്ട പലരും ആരോ കൃത്രിമമായി ചെയ്തുവച്ചിരിക്കുന്ന വലിയ ക്രിസ്തുമസ് സ്റ്റാറിന്റെ ഫോട്ടോയാണെന്നാണ് കരുതിയത്.