നാടൻ പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന ഒരു ഉത്തരേന്ത്യൻ നേതാവിന്റെ പ്രസ്താവന ട്രോളുകളിൽ നിറഞ്ഞത് കുറച്ചുകാലം മുമ്പാണ്. നേതാവ് പറഞ്ഞതിലെ തമാശയോർത്ത് നമ്മൾ പൊട്ടിച്ചിരിച്ചെങ്കിലും നാടൻ പശുവിന്റെ പാലിനെ അങ്ങനെ എഴുതിത്തള്ളാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് കാലടി സ്വദേശി സന്ദീപും ഭാര്യ ലക്ഷ്മിയും. ഇന്ത്യയിലെ അപൂർവങ്ങളായ നാടൻ പശുക്കളെ വളർത്തുന്ന ഇവരുടെ ലക്ഷ്മി ഗോശാലയിലെ പാലും മറ്റ് ഉത്പന്നങ്ങളും പൊന്നും വില നൽകി വാങ്ങാനെത്തുന്നവരുടെ എണ്ണമാണ് അതിന് ആത്മവിശ്വാസമേകുന്നത്. മൊബൈൽ കട നടത്തുന്ന സന്ദീപും എം.ടെക് പഠനത്തിന് ശേഷം എൻജിനിയറിംഗ് കോളേജ് അദ്ധ്യാപികയായിരുന്ന ലക്ഷ്മിയും പശുവളർത്തലിലേക്ക് തിരിഞ്ഞതു മനസന്തോഷം കൂടി ലക്ഷ്യമിട്ടാണ്. ഇരുവരുടെയും മാതാപിതാക്കളടക്കം ഒരു വലിയ കുടുംബത്തിന്റെ പിന്തുണയും ഈ ചെറുപ്പക്കാർക്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ പ്രശ്നങ്ങളും രൂക്ഷമാകുന്ന കാലത്ത് ഈ ദമ്പതികൾക്ക് സമ്പത്തും സമാധാനവും സംതൃപ്തിയും ഒരുമിച്ച് നൽകുകയാണ് പശുവളർത്തൽ. എല്ലാ ദിവസവും പുലർച്ചെ നാല് മണിക്ക് ഉണരുന്ന 'ലക്ഷ്മി ഗോശാല"യിലെ വിശേഷങ്ങളറിയാം.
മൊബൈലിൽ നിന്ന് പശുവിലേക്ക്
പതിനാറു വർഷമായി മൊബൈൽ കട നടത്തുകയാണ് ഞാൻ. ഭാര്യ ലക്ഷ്മി അദ്ധ്യാപികയായിരുന്നു. ലക്ഷ്മിയുടെ പേരാണ് ഗോശാലയ്ക്ക് നൽകിയത്. എന്റെ ചെറുപ്പത്തിൽ ഇവിടെ പശുക്കളുണ്ടായിരുന്നു. കൃഷി നിന്നു പോയതോടെ പശു വളർത്തലും അവസാനിച്ചു. പിന്നീട് ഒരു കൗതുകത്തിന് വേണ്ടിയാണ് 15000 രൂപ കൊടുത്ത് പശുക്കിടാവിനെ വാങ്ങിയത്. ലക്ഷ്മിക്കുട്ടി എന്ന് പേര് നൽകി. അവൾ ഞങ്ങളുടെ അരുമയായി മാറി. വീടിനുള്ളിൽ കൂടിയെല്ലാം കയറിയിറങ്ങി നടക്കും. അങ്ങനെയാണ് കൂടുതൽ പശുക്കളെ വളർത്തിയാലോ എന്ന ആലോചന വരുന്നത്. ആദ്യം ഹൈബ്രിഡ് പശുക്കൾ വേണോ നാടൻ ഇനങ്ങൾ വേണോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. ഇന്റർനെറ്റിലും മറ്റും നോക്കി അതേക്കുറിച്ച് നന്നായി പഠിച്ചു. നാടൻ പശുക്കളുടെ ഗുണങ്ങളും പ്രത്യേകതകളും മനസിലായപ്പോഴാണ് അവ മതി എന്ന തീരുമാനത്തിലെത്തിത്. ഗുജറാത്തിൽ നിന്ന് ഗിറിനെയും രാജസ്ഥാനിൽ നിന്ന് താർപാർക്കറിനെയും മറ്റും വാങ്ങി. പിന്നെ പല സ്ഥലങ്ങളിൽ നിന്നായി പശുക്കൾ എത്തി. 3 വർഷത്തിനുള്ളിൽ 18 പശുക്കളായി. ഈ വർഷം എറണാകുളം ജില്ലയിലെ നാടൻ പശു വളർത്തലിനുള്ള ഗോസേവ പുരസ്കാരവും ലഭിച്ചു. ഞങ്ങൾക്ക് 16 സെന്റ് സ്ഥലമേയൂള്ളൂ. അവിടെ തന്നെയാണ് വീടും ഗോശാലയുമെല്ലാം നിൽക്കുന്നത്. സ്ഥലപരിമിതിയെ മറികടന്ന് പശു വളർത്തൽ വികസിപ്പിക്കുന്നതാണ് ഏറ്റവും വലിയ സ്വപ്നം. അതിനായി സ്ഥലം വാങ്ങാൻ ശ്രമിക്കുന്നുണ്ട്.
നാടനാണ് നല്ലത്
ഹൈബ്രിഡ് പശുക്കളെ അപേക്ഷിച്ച് നിരവധി ഗുണങ്ങൾ നാടൻ പശുക്കൾക്കുണ്ട്. ഏറ്റവും പ്രധാനം രോഗ പ്രതിരോധശേഷിയാണ്. ഹൈബ്രിഡ് പശുക്കളെ വളർത്തുന്ന മിക്ക ഫാമുകളിലും എല്ലാ ദിവസവും ഒരു വെറ്റിനറി ഡോക്ടറുടെ സേവനം ആവശ്യമായി വരാറുണ്ട്. ബിസിനസ് മാത്രമായി കാണാതെ സാമൂഹിക സേവനം എന്ന നിലയിൽ കൂടി എടുത്താൽ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം നാടൻ പശുവിന്റെ പാലാണ്. വെറ്റ് പോയ്സൺ എന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയിലാണ് ഹൈബ്രിഡ് പശുവിന്റെ പാലെന്ന് പറയപ്പെടുന്നു. യൂറിയയുടെ അളവ് വളരെ കൂടിയ കാലിത്തീറ്റയാണ് അവയ്ക്ക് നൽകുന്നതത്രെ. എന്നാൽ പച്ചപ്പുല്ലും പച്ചവെള്ളവും തവിടും മറ്റുമാണ് നാടൻ പശുക്കളുടെ പ്രധാന ഭക്ഷണം. ആ ഗുണം പാലിനും ലഭിക്കും. കൊഴുപ്പിന്റെ അളവും വളരെ കൂടുതലായിരിക്കും. നമ്മുടെ ഉത്പന്നങ്ങൾ വാങ്ങുന്നവരും അതു തന്നെയാണ് പറയുന്നത്. പാലിന്റെ വിലയിലും വ്യത്യാസമുണ്ട്. ഒരു ലിറ്റർ പാലിന് 120 രൂപയാണ് വാങ്ങുന്നത്.
അടുപ്പമുള്ള വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പാൽ കൊടുക്കുന്നുള്ളൂ. നെയ്യാണ് പ്രധാനമായും വിൽക്കുന്നത്. കിലോ 2500 രൂപയാണ് വില. എറണാകുളത്തു നിന്നൊക്കെ ആളുകൾ തിരക്കി വന്ന് വാങ്ങിക്കൊണ്ടു പോകാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, ഏതെങ്കിലും അസുഖത്തിന് ആയുർവേദ ചികിത്സയിലുള്ളവർ തുടങ്ങിയവരാണ് കൂടുതലും വരുന്നത്. അഗ്നിഹോത്രം പോലുള്ള ഹോമങ്ങൾക്കും ഇവിടുന്ന് നെയ്യ് കൊണ്ടുപോകുന്നു. വെണ്ണയും തൈരും മോരും വിൽക്കുന്നുണ്ട്. ക്ഷീര എന്ന പേരിലാണ് എല്ലാത്തിന്റെയും വില്പന. ജൈവ കൃഷിക്ക് ആവശ്യമായ വളവും വീട്ടിൽ തന്നെ ഉത്പാദിപ്പിച്ച് ക്ഷീരയുടെ പേരിൽ വിൽക്കുന്നുണ്ട്.
ഗിർ മുതൽ കപില വരെ
ഗിർ, താർപാർക്കർ, വില്വാദ്രി, വെച്ചൂർ, കാസർകോട് കുള്ളൻ, മലനാട് ജിദ്ദ, സുവർണ കപില തുടങ്ങിയവയാണ് ഇപ്പോഴുള്ള ഇനങ്ങൾ. ഇതിൽ ഗിറും താർ പാർക്കറുമൊഴിച്ച് ബാക്കിയെല്ലാം കേരളത്തിന്റെ സ്വന്തം ഇനങ്ങളാണ്. ഇതിൽ ഏറ്റവും വില കൂടിയത് ഗിർ ആണ്. 110000 വരെയുള്ള പശുക്കൾ എന്റെ അടുത്തുണ്ട്. പാലിന്റെ അളവനുസരിച്ച് വിലയിലും വ്യത്യാസം വരും. കാസർകോട് കുള്ളൻ 30000 -35000 രൂപയ്ക്ക് കിട്ടും.
ഇവിടെയുള്ളതിൽ ഏറ്റവും നീളക്കുറവ് സുവർണ കപിലയ്ക്കാണ്. 90 സെന്റീമീറ്ററാണ് നീളം. ദിവസം പരമാവധി രണ്ടര ലിറ്റർ പാൽ ലഭിക്കും. നല്ല മഞ്ഞ നിറമുള്ള പാൽ ഗുണത്തിന്റെ കാര്യത്തിൽ മുമ്പനാണ്. പൊതുവേ നാടൻ പശുക്കളുടെ പാലിന് മഞ്ഞ നിറം കൂടുതലാണ്. മലനാട് ജിദ്ദയിൽപ്പെടുന്നതും ഒരു കപില പശുവാണ്. ശ്വേത കപിലയാണത്. പേര് സൂചിപ്പിക്കും പോലെ തൂവെള്ള നിറമാണ് പ്രത്യേകത. പശുവളർത്തൽ നേടിത്തരുന്ന ലാഭത്തെക്കാൾ മനസിന് നൽകുന്ന സന്തോഷമാണ് വലുത്. എത്ര ക്ഷീണവും ടെൻഷനുമുണ്ടെങ്കിലും ഗോശാലയിലേക്ക് കയറുമ്പോഴേക്കും അത് പമ്പ കടക്കും. കൂടാതെ സ്വന്തം സംരംഭം എന്നതിന്റെ സംതൃപ്തിയും. നാടൻ പശു പരിപാലനം താരതമ്യേന എളുപ്പമാണ്. യഥാർത്ഥത്തിൽ തൊഴുത്തിന്റെ ആവശ്യം തന്നെയില്ലത്രെ. തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ ആ രീതി അനുയോജ്യമാണെങ്കിലും കേരളത്തിൽ മഴയുടെ അളവ് കൂടുതലായതിനാൽ തൊഴുത്ത് പണിയുന്നതാവും നല്ലത്. ഒരു ദിവസം 30 മുതൽ 35 കിലോ വരെ പുല്ല് ഓരോ പശുവിനും നൽകുന്നുണ്ട്. അതിനായി പുല്ല് വളർത്തുന്നുണ്ട്. പുല്ലു കുറവുള്ളപ്പോൾ വൈക്കോലും നൽകും. ഉഴുന്നിന്റെയും ഗോതമ്പിന്റെയും തവിടാണ് മറ്റൊരാഹാരം. കുടിക്കാൻ ധാരാളം പച്ചവെള്ളം കൊടുക്കും. എല്ലാ ദിവസവും കുളിപ്പിക്കാറില്ല. തൊഴുത്തിൽ ഈച്ചയുടെയോ മറ്റോ ശല്യം അധികമാണെങ്കിൽ കുളിപ്പിക്കും.
വിൽക്കാനുണ്ട് ജീവാമൃതം
പാൽ ഉത്പന്നങ്ങൾ കൂടാതെ ഉണങ്ങിയ ചാണകം പൊടിച്ചതും ചാണകം അടിസ്ഥാനമാക്കിയ ജൈവ വളങ്ങളും ഇവിടെ വിൽക്കുന്നുണ്ട്. ജൈവ കമ്പോസ്റ്റ്, വളക്കൂട്ടായ ജീവാമൃതം എന്നിവയാണ് പ്രധാനം. 90 കിലോ ഉണങ്ങിയ ചാണകം, പത്തുകിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ ട്രൈക്കോ ഡെർമ എന്നിവ ഗോമൂത്രം ചേർത്ത് യോജിപ്പിച്ചാണ് ജൈവ കമ്പോസ്റ്റ് ഉണ്ടാക്കുന്നത്. ഇത് ഏഴ് ദിവസം നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടി സൂക്ഷിക്കും. എല്ലാ ദിവസവും രണ്ടു നേരം നനച്ച് കൊടുക്കും. ആദ്യം വെളുത്ത നിറത്തിലുള്ള പൂപ്പൽ പോലെ മുകളിൽ രൂപപ്പെടും. അവസാന ദിവസങ്ങളിൽ പൂർണമായും ബ്രൗൺ നിറത്തിലേക്ക് മാറും. വെയിലത്തിടാതെ തണലിൽ തന്നെ ഉണക്കിയാണ് വിൽക്കുന്നത്. ജീവാമൃതത്തിനായി പത്തുകിലോ ചാണകം, രണ്ട് ലിറ്റർ ഗോമൂത്രം, ഒരു കിലോ ശർക്കര, ഒരു കിലോ പയറുപൊടി, ഒരു പിടി രാസവളം ചേരാത്ത മണ്ണ് എന്നിവയാണ് ആവശ്യം. ഇവ 200 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് ഏഴു ദിവസം സൂക്ഷിച്ച ശേഷം ഉപയോഗിക്കാം. ഇതിനൊപ്പം ജൈവ പച്ചക്കറി കൃഷിയുമുണ്ട്. വീടിന്റെ ടെറസിൽ ഗ്രോബാഗുകൾ വച്ചാണ് കൃഷി. വെണ്ട, വഴുതന, പയർ, ചീര, പച്ചമുളക് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറിയെല്ലാം ഉത്പാദിപ്പിക്കുന്നു. കാലടിയിലുള്ള എന്റെ മൊബൈൽ കടയായ നക്ഷത്ര കമ്മ്യൂണിക്കേഷനിലൂടെയും പെരുമ്പാവൂരിലെയും കുറുപ്പംപടിയിലെയും ഇക്കോഫ്രണ്ട്ലി കടകളിലൂടെയും കൂവപ്പടിയിലെ ധനം എന്ന നഴ്സറിയിലൂടെയും ഉത്പന്നങ്ങൾ വിൽക്കുന്നു.
തിരക്കേറും ഒരു ദിനം
രാവിലെ നാലുമണിക്കാണ് ഗോശാലയിലെ ഒരു ദിവസം തുടങ്ങുന്നത്. ആദ്യം തന്നെ തൊഴുത്ത് കഴുകി വൃത്തിയാക്കും. ആറു മണിയോടെ കറവയും രാവിലെയുള്ള ഭക്ഷണവും കഴിയും. 6.30 ആകുമ്പോഴേക്കും വീടിന് പിറകിലുള്ള പാടത്ത് മേയാൻ വിടും. മൂന്നുമണിക്കാണ് രണ്ടാമത്തെ കറവ. അപ്പോഴേക്കും തൊഴുത്തിൽ മടക്കി കൊണ്ടുവരും. ദേഹത്ത് അഴുക്കുണ്ടെങ്കിൽ കഴുകി കളയും. നന്നായി വെയിലു കൊണ്ട ശേഷം വരുന്നതു കൊണ്ട് ശരീരം മുഴുവൻ നനയ്ക്കില്ല. കറവ കഴിഞ്ഞ് പുല്ലും തവിടും നൽകും.
ചാണകമിട്ടു കഴിഞ്ഞാൽ അതിന്റെ മുകളിൽ കിടക്കുന്ന സ്വഭാവം ഇവർക്കില്ല. ചിലപ്പോൾ നമ്മൾ ചെന്ന് വൃത്തിയാക്കുന്നത് വരെ ഒരേ നിൽപ്പ് നിൽക്കും. ജോലിക്കാരൊന്നുമില്ല. ഞാനും ലക്ഷ്മിയും അച്ഛനും അമ്മയും കൂടിയാണ് എല്ലാം ചെയ്യുന്നത്. പശുക്കളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഒരു വർഷത്തിലധികമായി ലക്ഷ്മിയുടെ അച്ഛനും സഹായിക്കാനെത്തുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ഇതുവരെ പ്രയാസമുണ്ടായിട്ടില്ല. സർക്കാർ നാടൻ പശുവളർത്തൽ പ്രോത്സാഹിപ്പിക്കും എന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിൽ കാര്യമായ സഹായമൊന്നും കിട്ടാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഫാമിനെ കുറിച്ച് കേട്ടറിഞ്ഞ നിരവധി പേർ നേരിട്ട് കാണാൻ വരുന്നുണ്ട്. നാടൻ പശുഫാം തുടങ്ങാനുള്ള ആഗ്രഹം കൊണ്ട് വിദേശത്തു നിന്നു വരെ വിളിക്കുന്നുണ്ട്. നാടൻ പശുക്കളെ മൊത്ത വിലയ്ക്ക് വിൽക്കുന്ന ഫാമുകളിൽ നിന്നാണ് ഇവയെ വാങ്ങുന്നത്. തമിഴ് നാട്ടിലാണ് ഇത്തരം ഫാമുകൾ കൂടുതലായുള്ളത്. തുടക്കത്തിൽ പരിചയക്കുറവ് കാരണം ചില പശുക്കൾക്ക് അധിക വില നൽകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അതെല്ലാം ശ്രദ്ധിച്ചാണ് ചെയ്യുന്നത്. അതുകൊണ്ട് നാടൻ പശു ഫാം തുടങ്ങാൻ ആഗ്രഹിച്ച് എത്തുന്നവരോട് ധൃതി വയ്ക്കാതെ എല്ലാം മനസിലാക്കിയ ശേഷം വേണം തുടങ്ങാൻ എന്ന് പറയാറുണ്ട്.
(സന്ദീപിന്റെ നമ്പർ: 9744166264)