ലേബർ റൂമിന് മുന്നിൽവച്ചാണ് ഫാത്തിമയും രജനിയും പരിചയപ്പെട്ടത്. ഇരുവരുടെയും പെൺമക്കൾ ലേബർ റൂമിലാണ്. ഫാത്തിമയുടെ പേരക്കുട്ടി സന്തോഷത്തോടെ ഓടി നടക്കുന്നു. അവന് ഒരു അനുജത്തിവേണം. രജനിയുടെ പേരക്കുട്ടി പെണ്ണാണ്. അവൾക്ക് വേണ്ടത് ഒരു അനുജൻ വാവയെ. ഇതൊക്കെ മുതിർന്നവരുടെ ഇഷ്ടങ്ങൾ. ഏതുകുട്ടിയായാലും ആരോഗ്യവും ആയുസുമുള്ളതാവണം എന്ന പ്രാർത്ഥനയാണ് രജനിക്കും ഫാത്തിമയ്ക്കും. ഇരുവരുടെയും ഉറ്റബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഗർഭിണിയുടെ വയറിന്റെ ലക്ഷണങ്ങൾ കണ്ടിട്ട് ചില ബന്ധുക്കൾ പ്രവചനങ്ങൾ നടത്തുന്നു. മൂത്തകുട്ടിയുടെ നക്ഷത്രം വച്ച് ഇളയകുട്ടിയുടെ ലിംഗനിർണയം നടത്തുകയാണ് മറ്റു ചിലർ. പലവട്ടം സ്കാനിംഗ് നടത്തിയെങ്കിലും ഡോക്ടർമാർ ആ രഹസ്യം മാത്രം പുറത്തുവിട്ടില്ല. നിയമപരമായ വിലക്ക് അതിനുണ്ടല്ലോ. ഉറ്റവർ ഇഷ്ടപ്പെട്ട പലപേരുകളും മനസിൽ കരുതിയിട്ടുണ്ട്. ആണായാൽ ഇടേണ്ടപേരുകളും പെണ്ണായാൽ ഇടേണ്ട പേരുകളും. ലേബർ റൂമിന്റെ വാതിൽ തുറക്കുമ്പോൾ പുറത്തുകാത്തിരിക്കുന്നവരുടെ ആകാംക്ഷ തലപൊക്കും. തങ്ങളുടെ കാര്യമല്ലെന്നറിയുമ്പോൾ അതു ശമിക്കുകയും ചെയ്യും.
ഫാത്തിമയുടെ മകളുടെ ഊഴമായിരുന്നു ആദ്യം. നഴ്സ് പുറത്തുവന്ന് പ്രസവവിവരം പറഞ്ഞു: ആൺകുഞ്ഞാണ്. ബന്ധുക്കളുടെ മുഖങ്ങളിൽ സമ്മിശ്രഭാവം. പലരും പെൺകുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. ഭൂരിഭാഗം പേരും പ്രാർത്ഥിച്ചതും അങ്ങനെയായിരിക്കാം. മൂത്തകുട്ടി സന്തോഷവാനാണ്. തനിക്ക് ഒപ്പം കൂടാനും കളിക്കാനും ഒരു അനുജനെ കിട്ടിയ ത്രില്ലാണ് അവന്. നിമിഷങ്ങൾക്കുള്ളിൽ അവൻ അവിടെ നിന്നവർക്കെല്ലാം സ്വീറ്റ്സ് വിതരണം ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു രജനിയുടെ മകളുടെ പ്രസവം. ആ വിവരം മറ്റൊരു നഴ്സാണ് പുറത്തുവിട്ടത്. പെൺകുഞ്ഞാണ്. ബന്ധുക്കളുടെ മുഖങ്ങളിൽ സമ്മിശ്രഭാവം. കൂട്ടത്തിലാരോ പറഞ്ഞു: പെൺകുട്ടിയെ കാത്തിരുന്നവർക്ക് ആണും ആൺകുട്ടിയെ കാത്തിരുന്നവർക്ക് പെണ്ണും. ദൈവത്തിന്റെ ഓരോരോ വികൃതികൾ. എന്തായാലും ഭൂമിയിൽ സ്ത്രീ പുരുഷന്മാരുടെ സംഖ്യ വലിയ ഏറ്റക്കുറച്ചിലില്ലാതെ കൊണ്ടുപോകുന്ന പ്രകൃതിയുടെ കണക്കിനെ സമ്മതിക്കണം.
കാത്തിരിപ്പിന്റെ ഫലം പൂർണമായും അനുകൂലമല്ലാത്തതിനാൽ ഇരുകുടുംബങ്ങളിലെയും അംഗങ്ങളുടെ മുഖത്ത് വെളുത്തവാവും കറുത്തവാവും അല്ലാത്ത സ്ഥിതി. പെട്ടെന്ന് ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു. മറ്റൊരു നവജാതശിശുവിനെയും അമ്മയെയും ഉടൻ മെഡിക്കൽകോളേജിലെത്തിക്കണം. അതിന്റെ തത്രപ്പാടും പരക്കം പാച്ചിലും അവിടത്തെ അന്തരീക്ഷം പിരിമുറക്കമുള്ളതാക്കുമ്പോൾ ഫാത്തിമയുടെയും രജനിയുടെയും മുഖത്ത് നിലാവ് തെളിഞ്ഞു. കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു: പ്രകൃതിയും ദൈവവും അങ്ങനെയാണ്. ആർക്കും ഫുൾമാർക്ക് കൊടുക്കില്ല. ഒരുപാടുപേർ ദയനീയമായി തോൽക്കുന്ന ജീവിതത്തിൽ പാസ് മാർക്ക് കിട്ടുന്നതും വലിയ കാര്യമല്ലേ.
(ഫോൺ: 9946108220)