2019ൽ ഏറ്റവുമധികം പേർ ആകാംഷയോടെ കാത്തിരുന്ന് കണ്ട ചിത്രമാണ് 'ജോക്കർ". ബാറ്റ്മാൻ ചിത്രമായ ഡാർക്ക് നൈറ്റിലെ വില്ലൻ കഥാപാത്രമായ ജോക്കറിനെ നമുക്ക് മറക്കാനാകില്ല. ജോക്കറെന്ന വില്ലനെ ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന പ്രതിനായകനായി മാറ്റിയ ഹീത്ത് ലെഡ്ജറെന്ന നടൻ നമ്മെ വേർപിരിഞ്ഞെങ്കിലും ജോക്കർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഹീത്ത് നേടിയെടുത്ത സ്ഥാനം ജനഹൃദയങ്ങളിൽ ഓസ്കാറിനും മുകളിലാണ്. 2009ൽ 81ാം ഓസ്കാർ പുരസ്കാര വേദിയിൽ മികച്ച സഹനടനായി തിരഞ്ഞെടുത്തത് ഹീത്തിനെയായിരുന്നു. ഹീത്ത് മരിച്ച് ഒരു വർഷത്തിന് ശേഷം നടന്ന ആ ചടങ്ങ് ആരാധകരെ കണ്ണീരിലാഴ്ത്തി. ഓസ്കാറിന് പുറമേ ഗോൾഡൻ ഗ്ലോബിലും ബാഫ്റ്റയിലും മികച്ച സഹനടന്റെ പുരസ്കാരം ഹീത്തിന് മരണാനന്തരമായി ലഭിച്ചിരുന്നു. അന്ന് മുതൽ പ്രേക്ഷകർ മനസിൽ കൊണ്ടു നടക്കുന്ന ജോക്കർ എന്ന സൈക്കോ കഥാപാത്രത്തെ ഹീത്തിന് പകരം മറ്റൊരാൾ അവതരിപ്പിച്ചാൽ എത്രത്തോളം വിജയിക്കും എന്നത് ആശങ്കകൾക്കിടയാക്കിയിരുന്നെങ്കിലും ജോക്കർ റിലീസായതോടെ ആ ആകുലതകൾ എല്ലാം തന്നെ പമ്പ കടന്നു. !.
വാകീൻ ഫീനിക്സ് എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്. ഹീത്ത് ലെഡ്ജറുടെ ജോക്കറെയല്ല നാം വാകീൻ ഫീനിക്സിൽ കാണുന്നത്. വിഷ്വൽ സ്റ്റൈൽ എന്നത് എത്രത്തോളം പ്രയോജനപ്പെടുത്താമോ അത്രത്തോളം വാകീൻ അവതരിപ്പിച്ച ജോക്കറിൽ കാണാനാകും. ജോക്കറിന്റെ സൗണ്ട്ട്രാക്കാകട്ടെ കഴിഞ്ഞ കൊല്ലത്തെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. ഗോൾഡൻ ഗ്ലോബിൽ നാല് നോമിനേഷനുകൾ ലഭിച്ച ജോക്കറിന് മികച്ച നടനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്. എന്നാൽ ബാഫ്റ്റയിലും ഓസ്കാറിലും ജോക്കറിന് 11 നോമിനേഷനുകളാണ് ലഭിച്ചത്. അതിൽ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്നത് നടന്റെ കാര്യം തന്നെയാണ്. സാധാരണ മനുഷ്യനിൽ നിന്നും സമൂഹിക സാഹചര്യങ്ങൾ അസാധാരണ വ്യക്തിത്വത്തിനുടമയാക്കി മാറ്റിയ ജോക്കറെന്ന കഥാപാത്രത്തെ അനശ്വരനാക്കിയ വാകീൻ ഫീനിക്സിന് തന്നെ അത് ലഭിക്കുമെന്നാണ് കൂടുതൽ പേരും കരുതുന്നത്. ഇത് നാലാം തവണയാണ് വാകീന് ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത്. ഇത്തവണയെങ്കിലും വാകീന് ഓസ്കാർ നേടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാൽ മത്സരത്തിൽ ആന്റണിയോ ബാൻഡെറാസ് ( പെയ്ൻ ആൻഡ് ഗ്ലോറി ), ലിയനാർഡോ ഡികാപ്രിയോ ( വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ), ആദം ഡ്രൈവർ (മാര്യേജ് സ്റ്റോറി ), ജോനാഥൻ പ്രൈസ് (ദ ടു പോപ്സ് ) എന്നിവരുണ്ട്.
പത്ത് നോമിനേഷനുകളുമായി ദ ഐറിഷ് മാൻ, 1917, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിവയാണ് ജോക്കറിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. മികച്ച നടിയ്ക്കുള്ള നോമിനേഷൻ ഒഴികെ ബാക്കി ഭൂരിഭാഗം വിഭാഗങ്ങളിലും ഈ ചിത്രങ്ങളുടെ ആധിപത്യം പ്രകടമാണ്. 1917, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിവയാണ് ഇക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലറായ ജോക്കർ ഉൾപ്പെടെ 9 ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.
സാം മെൻഡസിന്റെ 1917, ബോംഗ് ജൂൻ ഹോയുടെ പാരസൈറ്റ് എന്നിവയ്ക്കാണ് സാദ്ധ്യത കൂടുതൽ. മികച്ച സംവിധായകനും സാം മെൻഡസിന് തന്നെയാണ് സാദ്ധ്യത കൂടുതലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതേ സമയം മികച്ച ചിത്രം, തിരക്കഥ, സംവിധാനം എന്നിവയ്ക്ക് ഏറ്റവും അർഹതയുള്ളത് കൊറിയൻ ചിത്രമായ പാരസൈറ്റിനാണെന്നാണ് സിനിമാനിരൂപകരുടെ അഭിപ്രായം.
വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്
2019ലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ക്വെന്റിൻ ടാരന്റിനോ സംവിധാനം ചെയ്ത ' വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് " ആകെ 10 ഓസ്കാർ നോമിനേഷനുകളാണ് നേടിയിരിക്കുന്നത്. പല വിഭാഗങ്ങളിലും ജോക്കറിനും ഐറിഷ്മാനും കടുത്ത വെല്ലുവിളി വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് ആണ്.
ലിയനാർഡോ ഡി കാപ്രിയോ, ബ്രാഡ് പിറ്റ്, മാർഗോ റോബി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിൽ 1960കളുടെ പശ്ചാത്തലത്തിൽ ഹോളിവുഡിന്റെ സുവർണകാലഘട്ടമാണ് ചിത്രീകരിച്ചരിക്കുന്നത്. ഹോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടി ഷാരോൺ ടെറ്റിന്റെ കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിഖ്യാത സംവിധായകനായ റോമൻ പോളൻസ്കിയുടെ ഭാര്യയും എട്ടുമാസം ഗർഭിണിയുമായിരുന്ന ഷാരോൺ ടെറ്റിനെ ചാൾസ് മാൻസണിന്റെ നേതൃത്വത്തിലുള്ള ' മാൻസൺ ഫാമിലി" എന്ന കൊലപാതകി സംഘമാണ് കൊലപ്പെടുത്തിയത്. മാർഗോ റോബിയാണ് ഷാരോൺ ടെറ്റിന്റെ വേഷം അവതരപ്പിക്കുന്നത്. സംവിധാനം, അഭിനയം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീതം തുടങ്ങിയവയിലെ മികവ് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിനെ വേറിട്ടതാക്കുന്നു.
മികച്ച ചിത്രം ( മ്യൂസിക്കൽ / കോമഡി ), മികച്ച സഹനടൻ ( ബ്രാഡ് പിറ്റ് ) എന്നീ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന് ഓസ്കാറിലും ഓളം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച ചിത്രം, സംവിധാനം, നടൻ, സഹനടൻ, തിരക്കഥ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലേക്കാണ് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിന് നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത്. സഹനടനുള്ള ഓസ്കാർ ബ്രാഡ്പിറ്റിന് തന്നെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും അൽ പച്ചീനോ ( ദ ഐറിഷ് മാൻ), ആന്റണി ഹോപ്കിൻസ് ( ദ ടു പോപ്സ് ), ടോം ഹാങ്ക്സ് ( എ ബ്യൂട്ടിഫുൾ ഡേ ഇൻ ദ നെയ്ബർഹുഡ് ), ജോ പെഷി ( ദ ഐറിഷ് മാൻ ) എന്നീ വമ്പന്മാരോടാണ് മത്സരം. ഡികാപ്രിയോയ്ക്ക് ഇത് നാലാം തവണയാണ് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത്. 2016ൽ ദ റെവനന്റിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു.
സിന്തിയ എർവിയോ (ഹാരിയറ്റ് ), സ്കാർലറ്റ് ജൊഹാൻസൺ (മാര്യേജ് സ്റ്റോറി ), സർഷ റോനൻ (ലിറ്റിൽ വിമൺ), ഷാർലിസ് തെറൻ (ബോംബ്ഷെൽ ), റെനെ സെൽവെഗർ ( ജൂഡി ) എന്നിവരാണ് മികച്ച നടിമാർക്കായി നോമിനേഷൻ ലഭിച്ചവർ. റെനെ സെൽവെഗറിനാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. സ്കാർലറ്റ് ജൊഹാൻസൺ ആണ് റെനെയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഹാരിയറ്റിലെ അഭിനയത്തിന് സിന്തിയ എർവിയോയും ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ഏതായാലും ഫെബ്രുവരി 9ന് അറിയാം 92ാമത് ഓസ്കാർ പുരസ്കാരങ്ങൾ ആരുടെയൊക്കെ കൈകളിലെത്തുമെന്ന്.