flight

ന്യൂഡൽഹി: കൊറോണ വെെറസ് പടരുന്നതിനെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർത്ഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ ഒമ്പതുമണിക്കുള്ളിൽ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർത്ഥികളും വിമാനത്തിലുണ്ട്.

കഴിഞ്ഞ ദിവസം 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാമ്പിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്ന സംഘത്തെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.