imran

ഇസ്ലാമാബാദ്: വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളിയുടെ ആക്രമണം തടയാൻ പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലെ മന്ത്രിമാരും,​ മുതിർന്ന ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഇമ്രാൻഖാൻ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് തീരുമാനം.

മരുഭൂമി വെട്ടുകിളിയുടെ ആക്രമണം തടയാൻ ദേശീയ കർമപദ്ധതിയും (എൻ.‌എ.പി) യോഗത്തിൽ തയ്യാറാക്കിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കുന്നതിനായി 7.3 ബില്യൺ രൂപയും സർക്കാ‌ർ അനുവദിച്ചു.

രാജ്യത്ത് വെട്ടുക്കിളി ആക്രമണം തടയുന്നതിനും,​ വിളനാശം ഒഴിവാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ഇമ്രാൻ ഖാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.

വെട്ടുകിളി ആക്രമണം ആദ്യമായി പാകിസ്ഥാനിലുണ്ടായത് 2019 മാർച്ചിലാണ്. പിന്നീട് സിന്ധ്, ദക്ഷിണ പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ ഏകദേശം 900,000 ഹെക്ടറിലെ വിളകളാണ് വെട്ടുകിളികൾ നശിപ്പിച്ചത്. ദശലക്ഷക്കണക്കിന് രൂപയുടെ മരങ്ങളും വെട്ടുകിളികൾ നശിപ്പിച്ചിട്ടുണ്ട്.