ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പിടിയിൽ നിന്ന് കരകയറും മുമ്പ് ജനങ്ങളെ ഭീതിയിലാഴ്ത്തി ചൈനയിൽ പക്ഷിപ്പനിയും പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ഹുവാൻ പ്രവിശ്യയിലാണ് അതിവേഗം പടരുന്ന എച്ച് 5 എൻ 1 സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഷുവാങ്കിംഗ് ജില്ലയിലെ ഒരു ഫാമിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7850 കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്. അതിൽ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് മുൻകരുതലായി പ്രവിശ്യയിലെ 17,828 ഫാമുകളിലെ കോഴികളെ കൊന്നൊടുക്കിയതായി ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.
മനുഷ്യരിലേക്ക് രോഗം പടർന്നതായി നിലവിൽ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കൊറോണ വൈറസ് മൂലം ഇതിനോടകം 304പേരാണ് ചൈനയിൽ മരണപ്പെട്ടത്. പുതുതായി 1347 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.