ലക്‌നൗ: അഖില ഭാരതീയ ഹിന്ദു മഹാസഭാ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജിത് ബച്ചൻ വെടിയേറ്റ് മരിച്ചു. ഇന്നു രാവിലെ ലക്‌നൗവിലെ ഹസ്രത്ഗഞ്ചിലാണ് സംഭവം. സഹോദരനോടൊപ്പം പ്രഭാത നടത്തത്തിനിറങ്ങിയ രൺജിത് ബച്ചനെ രണ്ടു മോട്ടോർ സൈക്കിളിലായി വന്ന സംഘം വെടിവയ്ക്കുകയായിരുന്നു. രൺജിത് ബച്ചൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ സഹോദരനെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ പ്രവേശിപ്പിച്ചു.
സമീപകാലത്ത് ഉത്തർപ്രദേശിൽ രണ്ടാമത്തെ വലതുപക്ഷ ഹിന്ദു നേതാവിന്റെ കൊലപാതകമാണിത്. ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറിൽ ഖുർഷെഡ് ബാഗിൽ തന്റെ വസതിയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.