budget-2020

ന്യൂഡൽഹി : കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ ആദായ നികുതി നൽകുന്നവർക്കാണ് ഏറെ ആശ്വാസകരമായ തീരുമാനമുണ്ടായത്. ആദായനികുതി നിരക്ക് കുത്തനെ കുറച്ചാണ് ഉദ്യോഗസ്ഥരടക്കമുള്ള ഒരു വിഭാഗത്തിന്റെ പ്രശംസ ധനമന്ത്രി പിടിച്ചുപറ്റിയത്. എന്നാൽ നികുതിയിൽ ഇങ്ങനെ കുറയുന്ന വരുമാനം നികത്തുന്നതിന് നിർമ്മല സീതാരാമൻ കണ്ടുവച്ചത് പ്രവാസികളെയായിയിരുന്നു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് ബഡ്ജറ്റിൽ തിരിച്ചടിയായിരുന്നു ഫലം. യു.എ.ഇ, സൗദി തുടങ്ങിയ നികുതി രഹിത ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന രണ്ടര ലക്ഷത്തിന് മേൽ വാർഷിക വരുമാനമുള്ള പ്രവാസി ഇന്ത്യാക്കാർ ഇന്ത്യയിൽ ആദായനികുതി അടയ്‌ക്കേണ്ടി വരും എന്നതാണ് കാരണം. അവിടെ നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടയ്ക്കണം എന്ന തത്വമാണ് ധനമന്ത്രി തത്വത്തിൽ സ്വീകരിച്ചത്.

ഇതിനൊപ്പം പ്രവാസി ഇന്ത്യക്കാരനായി പരിഗണിക്കുന്ന നിർവചനത്തിലും ഭേദഗതി വരുത്തി. 240 ദിവസത്തിലധികം ഒരു വർഷം വിദേശരാജ്യത്ത് താമസിക്കുന്നവരെ മാത്രമേ ഇനിമുതൽ പ്രവാസി എന്ന നിർവചനത്തിൽ ഉൾപ്പെടുകയുള്ളു. നിലവിൽ ഇത് 182 ദിവസം വിദേശത്തു താമസിക്കുന്നവർക്കാണ് ലഭിച്ചിരുന്നത്. എൻ.ആർ.ഐ ആനുകൂല്യം ബാങ്ക് ഇടപാടുകളിൽ പ്രവാസികൾക്ക് ഏറെ സഹായകമായിരുന്നു. 240 ദിവസത്തിലധികം വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ഇനിമുതൽ നികുതി ഇളവ് ലഭിക്കുകയുള്ളു. 240 ദിവസത്തിൽ കുറവാണ് താമസിക്കുന്നതെങ്കിൽ വരുമാനത്തിന് അനുസരിച്ച് ഇന്ത്യയിൽ നികുതി നൽകുവാൻ ഇവർ ബാദ്ധ്യസ്തരാണ്. നികുതി നിരക്ക് ഇന്ത്യയിലുള്ളവർക്ക് ബാധകമായ നിരക്കിലാണ്.