കൊച്ചി : കള്ളപ്പണക്കാരെ കണ്ടുപിടിക്കുവാനായി അപ്രതീക്ഷിത നീക്കത്തിലൂടെ നോട്ടു നിരോധനം നടപ്പിലാക്കിയ മോദി സർക്കാരിന്റെ കണ്ണ് അടുത്തതായി പതിയുന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നവരെയാണെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തിക വിദഗ്ദ്ധരടക്കം അത്തരമൊരു സാദ്ധ്യതയ്ക്ക് സർക്കാർ ഒരുങ്ങിയേക്കും എന്ന സൂചന നൽകിയപ്പോൾ മാദ്ധ്യമങ്ങളും ഇതു റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിച്ചതോടെ വീട്ടിൽ സ്വർണം സൂക്ഷിച്ചവർക്ക് വലിയൊരാശ്വാസമാണുണ്ടായിരിക്കുന്നത്. വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തെ വേട്ടനടത്തുന്നതിനായി യാതൊരു നിർദ്ദേശവും ബഡ്ജറ്റ് മുന്നോട്ട് വയ്ക്കുന്നില്ല. എന്നാൽ രാജ്യത്ത് സ്വർണനയത്തിൽ മാറ്റം വരുമെന്നാണ് വ്യാപാരികൾ വിശ്വസിക്കുന്നത്. വലിയ അളവിൽ സ്വർണം വാങ്ങുന്ന മൊത്തവിതരണക്കാർക്കും ആഭരണ നിർമ്മാതാക്കൾക്കും ഇനിമുതൽ ബുള്ള്യൻ എക്സ്‌ചേഞ്ചോ, സ്വർണ ബാങ്കുമുഖേനയോ വാങ്ങാനാകൂ. എന്നാൽ ഈ സംവിധാനങ്ങൾ ഇനിയും നിലവിൽ വന്നിട്ടില്ലാത്തതിനാൽ വ്യാപാരികളെ ഉടൻ ഇത് ബാധിക്കുകയില്ല. ബഡ്ജറ്റിൽ അവതരണ ദിവസം തന്നെ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് സ്വർണം പവന് 30400 രൂപയ്ക്കാണ് വിൽക്കുന്നത്.
ഇറക്കുമതി തീരുവ ഉയർന്നുതന്നെ
കഴിഞ്ഞ ബഡ്ജറ്റിൽ ഉയർത്തിയ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഇപ്പോഴും ഉയർന്നു തന്നെ. നിലവിൽ 12.5 ശതമാനമാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ. കഴിഞ്ഞ ബഡ്ജറ്റിൽ തീരുവ ഉയർത്തിയതോടെ സ്വർണകള്ളക്കടത്തും വർദ്ധിച്ചിരുന്നു. ഒരു കിലോ സ്വർണം ഒളിപ്പിച്ച് കടത്തിയാൽ രണ്ടര ലക്ഷത്തിൻ മേൽ ലാഭമുണ്ടാക്കാമെന്നതാണ് കള്ളക്കടത്ത്കാരെ ആകർഷിക്കുന്ന ഘടകം.