
ഒരുകാലത്ത് മലയാളികളുടെ അഭിമാനവും അഹങ്കാരവുമായിരുന്നു ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാൾ.എന്നാൽ വാതുവയ്പ് കേസിൽ അറസ്റ്റിലായതോടെ സ്ഥിതി മാറി. ശ്രീശാന്തിന്റെ പേരിൽ മലയാളികളെ ഒന്നടങ്കം പരിഹസിച്ചവരും ഉണ്ട്.
നിയമ പോരാട്ടങ്ങൾക്കൊടുവിൽ ക്രിക്കറ്റ് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ശ്രീയിപ്പോൾ. എന്നാൽ പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളികളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ശ്രീശാന്ത്. 'മലയാളി ആയതിന്റെ പേരിൽ ക്രിക്കറ്റ് വിവാദം പറഞ്ഞ് നിങ്ങളെ ആരെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഫിനിക്സ് പക്ഷിയെയാണ് ഞാൻ ടാറ്റു ചെയ്തിരിക്കുന്നത്. ചാരത്തിൽ നിന്ന് ഞാനും ഉയർത്തെഴുന്നേൽക്കും'-ശ്രീശാന്ത് പറഞ്ഞു.
അതേസമയം, തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറയാനും ശ്രീശാന്ത് മറന്നില്ല. പരിശീലനം ആരംഭിച്ചെന്നും സെപ്തംബറിൽ കേരളത്തിന് വേണ്ടിയിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ലോകകപ്പ് ഫൈനലിൽ കപ്പുയർത്തണമെന്നതാണ് തന്റെ ലക്ഷ്യങ്ങളിലൊന്നെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
2013 ഐ.പി.എൽ ആറാം സീസണിലെ വാതുവയ‌്പ് വിവാദങ്ങളെത്തുടർന്ന് 2013 ഒക്ടോബർ പത്തിന് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു.മൊഹാലിയിൽ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള കളിയിൽ വാതുവയ്പ് നടന്നുവെന്നും ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ ശ്രീശാന്ത് സമ്മതിച്ചെന്നുമായിരുന്നു ആരോപണം.