theft

മാന്നാർ : കയ്യിൽ നഷ്ടക്കണക്കുകൾ മാത്രമുള്ള മാവേലി സ്റ്റോറിൽ മോഷണത്തിന് കയറിയ കള്ളന്റെ ഗതികേട് എത്ര വലുതായിരിക്കും. അതറിയണമെങ്കിൽ മാന്നാറിലെ മാവേലി സ്‌റ്റോറിൽ കയറിയ കള്ളനെ പൊലീസ് പിടികൂടിയാൽ അപ്പോൾ ചോദിക്കണം. കഴിഞ്ഞ ദിവസമാണ് പരുമലയിലെ മാവേലി സ്റ്റോറിലും തൊട്ടടുത്തുള്ള പെയിന്റ് കടയിലും മോഷണം നടന്നത്. മാവേലി സ്‌റ്റോറിൽ നിന്നും ചില്ലറതുട്ടു പോലും കൈയ്യിൽ തടയാത്തതിനാൽ കുറച്ച് വീട്ടു സാധനങ്ങളുമെടുത്താണ് മോഷ്ടാവ് തൊട്ടടുത്തുള്ള പെയിന്റ് കടിയിൽ 'മോടി' പിടിപ്പിക്കുവാൻ കയറിയത്. എന്നാൽ ഇവിടെ നിന്നും കള്ളന് അത്യാവശ്യം കാശ് ലഭിച്ചു. കടയിലെ തൊഴിലാളികൾക്ക് നൽകുവാനായി കടയുടമ സൂക്ഷിച്ച് വച്ച് 20000 രൂപയാണ് കള്ളൻ കൈക്കലാക്കിയത്. എന്നാൽ പണത്തിനൊപ്പം പെയിന്റും കൊണ്ടുപോകുവാൻ മോഷ്ടാവ് ശ്രമിച്ചു. കടയിലെ പെയിന്റ് പുറത്തേയ്ക്ക് ഇറക്കി വച്ചെങ്കിലും കൊണ്ടുപോകാനായില്ല. ഇനി മനപൂർവം പണി കൊടുക്കാനാനായി പെയിന്റ് ബക്കറ്റുകൾ പുറത്തേക്ക് ഇറക്കി വച്ച് സ്ഥലം വിട്ടതാണെന്നും കരുതുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും തെളിവെടുക്കാനായി എത്തി.