ലക്‌നൗ: ഭാര്യയുടെ വെട്ടിയെടുത്ത തലയും കയ്യിൽ പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തി ദേശീയ ഗാനം ആലപിച്ച് യുവാവ്. ഉത്തർപ്രദേശിലെ ബറാബങ്കിയിലാണ് സംഭവം. അഖിലേഷ് റാവത്ത് എന്ന യുവാവാണ് തന്റെ ഭാര്യയുടെ തലയും പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിയെടുത്തതായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി പറഞ്ഞു. വെട്ടിയെടുത്ത തലയുമായി യുവാവ് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. ഭാര്യയുടെ തല യുവാവിൽ നിന്നും പിടിച്ചുവാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം ഉടൻ ദേശീയഗാനം ആലപിക്കുകയായിരുന്നു. തുടർന്ന് 'ഭാരത് മാതാ കി ജയ്' എന്ന് ആക്രോശിച്ച് വിളിക്കുകയും ചെയ്തു.
തുടർന്ന് പൊലീസും പ്രതിയും തമ്മിൽ വാക്കുതർക്കമായി, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മുറിച്ചെടുത്ത തല പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞത്. സംഭവം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.