ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ചൈനയ്ക്ക് പുറമേ ഫിലിപ്പൈൻസിലും കൊറോണ ബാധയാൽ മരണം സ്ഥിരീകരിച്ചിരുന്നു. അതേ സമയം ചൈനയിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. തിരികെ വരുന്നവരെ കർശനമായി നിരീക്ഷിച്ച് രോഗബാധയേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വീട്ടിലെത്തിക്കുകയുള്ളു. എന്നാൽ സമൂഹിക മാദ്ധ്യമങ്ങൾ വഴി നിരവധി തെറ്റായ സന്ദേശങ്ങളാണ് കൊറോണയെ കുറിച്ച് പടരുന്നത്.

ചൈനയിലെ വുഹാനിലെ മത്സ്യ മാംസ പദാർത്ഥങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ നിന്നാണ് കൊറോണ പടർന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവിടെ പാമ്പിനെ കഴിക്കുന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാമ്പുകളിൽ നിന്നും വൈറസ് ബാധയുണ്ടാകും എന്ന തരത്തിൽ വാർത്ത പരത്തരുതെന്ന് അഭ്യർത്ഥിക്കുകയാണ് പാമ്പുപിടിത്തത്തിലൂടെ ജനങ്ങളുടെ ആശങ്ക അകറ്റി, ആയിരക്കണക്കിന് പാമ്പുകളെ സുരക്ഷിത പ്രദേശത്ത് വിട്ട വാവ സുരേഷ്. തന്നെ പോലെയുള്ളവർക്ക് വേദനയുണ്ടാക്കുന്ന വാർത്തകളാണ് രണ്ട് ദിവസമായി കേൾക്കുന്നത്. നമ്മെയൊക്കെ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് പാമ്പുകളിൽ നിന്നും പടരുന്നു എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പുകളിൽ നിന്നും പകരുന്ന് എന്ന് കേട്ടാൽ ഇനി എന്നെ വീടുകളിൽ കയറ്റാത്ത അവസ്ഥയാവും ഇനിയുണ്ടാവുന്നതെന്നും വാവ സുരേഷ് പറയുന്നു. പാമ്പ് വളരുന്നിടത്തല്ല, പാമ്പിനെ ഭക്ഷിക്കുന്ന സ്ഥലത്താണ് കൊറോണ പടരുന്നത്.

ഏറെ അസ്വസ്ഥയുണ്ടാക്കുന്ന നാളുകളാണ് ഇനി വരുന്നത്. ഭയാശങ്കയിൽ നിരവധി പേർ തന്നെ വിളിക്കുമെന്നും. സംശയദുരീകരണം കഴിഞ്ഞാലും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പിൽ നിന്നാണ് കൊറോണ വൈറസ് പടരുന്നതെന്നതിനെ പറ്റി യാതൊരു സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ലെന്നും വാവ സുരേഷ് പറഞ്ഞു.

vava-suresh-