തിരുവനന്തപുരം: പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നികുതി ഇളവ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടണമെന്ന കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പലര്‍ക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ബഡ്ജറ്റിലെ നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കുടുംബകാര്യങ്ങള്‍ക്ക് നാട്ടില്‍ കഴിയുന്നവര്‍ നികുതി തട്ടിപ്പുകാരല്ല. പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണം. എന്‍.ആര്‍.ഐ പദവി ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണ്‘-മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരമൻ അവതരിപ്പിച്ച ബഡ്ജറ്റിലായിരുന്നു പ്രവാസികളെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം. മറ്റ് രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) നികുതി ചുമതാനാണ് ബഡ്ജറ്റിൽ വ്യക്തമാക്കിയത്. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ നികുതിയടക്കാന്‍ ബാദ്ധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേര്‍പ്പെടുത്താനാണ് തീരുമാനം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും.