ആലപ്പുഴ: രാത്രിസമയത്ത് സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ കവരുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയിലായി. കായംകുളത്തിന് സമീപം പത്തിയൂർ കിഴക്ക് വാഴപ്പള്ളി പടിഞ്ഞാറെത്തറയിൽ വീട്ടിൽ അജി എന്ന നിധിൻവിക്രമനാണ് (33) മാവേലിക്കര സി.ഐ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സ്വർണ്ണക്കടകളിൽ ഇയാൾ വില്പന നടത്തിയ 25 പവനോളം സ്വർണ്ണവും കണ്ടെടുത്തു.പത്തോളം മോഷണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചു. ഇനി എട്ട് കേസുകൾ കൂടി തെളിയാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീകളുള്ള വീട്ടിൽ നിരീക്ഷണം നടത്തിയ ശേഷമാണ് ഇയാൾ മോഷണത്തിനിറങ്ങുക. വീടുകളിൽ അറ്റാച്ച്ഡ് ടോയ്ലറ്റുകളുടെ പൈപ്പ് ബ്‌ളോക്കാക്കുന്നതാണ് ഇയാളുടെ രീതി. രാത്രിയിൽ മൂത്രമൊഴിക്കാനും മറ്റും പുറത്തിറങ്ങുന്ന സ്ത്രീകളെ ഇയാൾ പതിയിരുന്ന് ആക്രമിക്കുകയും മാലയുൾപ്പടെയുള്ള ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്യും. മാവേലിക്കര, കരീലക്കുളങ്ങര, കായംകുളം, മേഖലകളിലാണ് ഇയാൾ നടത്തിയ മോഷണങ്ങളിലധികവും. 2019 ഏപ്രിൽ മുതൽ നവംബർ വരെ 18 സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ അപഹരിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ഭഗവതിപ്പടി കിഴക്കേ കളത്തട്ടിന് വടക്ക് ഭാഗത്തുള്ള വീട്ടിൽ, പുലർച്ചെ വീടിന് മുന്നിൽ വിളക്ക് വയ്ക്കുകയായിരുന്ന 61 കാരിയെ മതിൽചാടി കടന്ന് ആക്രമിച്ച് മാലപൊട്ടിക്കാൻ ശ്രമിച്ചതും നിധിനാണ്.ഏറെ നാളായി പ്രത്യേക അന്വേഷണ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

2019 ഡിസംബർ മുതൽ നിധിൻ എറണാകുളത്ത് ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചതിനുശേഷം കായംകുളം, മാവേലിക്കര ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണങ്ങൾ നടന്നിരുന്നില്ല. തേവരയിൽ വച്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഇയാൾ അകപ്പെട്ടെങ്കിലും സാഹസികമായി ഓടി രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ ചെട്ടികുളങ്ങര ഭാഗത്തു നിന്നാണ് പിടിയിലായത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി. തുടർ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.എസ്.ഐ.പി.ടി.ജോണി, സീനിയർ സി.പി.ഒ മാരായ സിനുവർഗ്ഗീസ്, ഉണ്ണികൃഷ്ണപിള്ള, ജി.മുഹമ്മദ് ഷഫീക്ക്,അരുൺ ഭാസ്‌കർ,ഗിരീഷ്ലാൽ വി.വി, ഗോപകുമാർ.ജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

bathroom-