ലണ്ടൻ: രണ്ട് യുവതികളെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിനുള്ളിൽ സൂക്ഷിച്ചുവച്ച പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഈസ്റ്റ് ലണ്ടനിലെ കാനിംഗ് ടൗണിലാണ് സംഭവം. സാഹിദ് യൂനിസ് (35) എന്ന യുവാവിനെതിരെയാണ് കേസെടുത്തത്. ഇയാളെ വിംബിൾഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഫെബ്രുവരി 14ന് ഹാജരാക്കും.
വാൻ ക്ലോസിലെ എന്ന സ്ഥലത്തെ താമസക്കാരനായ സാഹിദിന്റെ ഫ്ളാറ്റിൽ നിന്നും 2019 ഏപ്രിൽ 26നാണ് രണ്ടു യുവതികളുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്. 35 വയസുകാരിയായ മിഹ്റികാൻ മുസ്തഫ 38 വയസുകാരിയായ ഹെന്റീത് സൂക്ക്സ് എന്നിവരുടേതായിരുന്നു മൃതദേഹങ്ങൾ. ഫ്ലാറ്റിലെ ചെറിയ ഫ്രീസറിനുള്ളിൽ മൃതദേഹങ്ങൾ ഒട്ടിചേർന്നനിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹത്തിൽ മാരകമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മിഹ്റികാൻ മുസ്തഫയെ കാണ്മാനില്ല എന്നതിനെ തുടർന്നുണ്ടായ അന്വേഷണമാണ് അതിക്രൂരമായ രണ്ട് കൊലപാതകത്തിന്റെ ചുരുളഴിയുന്നതിന് കാരണമായത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ പ്രതിക്കെതിരെ അനാദരവോടെ മൃതദേഹങ്ങൾ സൂക്ഷിച്ചു എന്ന വകുപ്പ് പ്രകാരം മാത്രമണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് കേസിൽ സ്കോട്ലൻഡ് യാർഡ് ഇടപെടുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. ഇതിനെതുടർന്ന് പ്രതിയിൽ രണ്ട് കൊലപാതക കുറ്റങ്ങൾ കൂടെ ചുമത്തുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.