വിവാഹത്തിന് പോകാനൊരുങ്ങുന്ന പോലെ ഓഫീസിൽ പോകാൻ ഒരുങ്ങിയാൽ എങ്ങനെയിരിക്കും? ഓഫീസുകൾക്ക് പ്രത്യേകമായ ഒരു ഫാഷൻ സെൻസുണ്ട്. എന്നു കരുതി പരിചയമില്ലാത്ത വേഷങ്ങളൊക്കെ പരീക്ഷിച്ച് ആത്മവിശ്വാസം കളയരുത്. ആദ്യമായി ഉപയോഗിക്കുമ്പോൾ ചിലപ്പോൾ അവ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് അവനവന് ആത്മവിശ്വാസമേകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ഒടുവിൽ ജോലി വരെ ഉഴപ്പി നശിപ്പിക്കും. ഓഫീസ് അന്തരീക്ഷത്തിന് പറ്റിയ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ പരമാവധി കൃത്യമായ അളവിൽ തന്നെ തിരഞ്ഞെടുക്കുക. കൂടുതൽ ഇറുകിയിരിക്കുന്നതും കൂടുതൽ അയഞ്ഞുകിടക്കുന്നതും ബുദ്ധിമുട്ടുതന്നെ. അത് മനഃസമാധാനത്തോടെ ജോലിചെയ്യുന്നതിനെയും ബാധിക്കും. വസ്ത്രത്തിന്റെ അളവിലാണ് നമ്മുടെ സൗന്ദര്യം ഉള്ളതെന്ന കാര്യം മറക്കണ്ട. കൂടുതൽ ഉയരമുള്ള ചെരിപ്പുകളും നടക്കുമ്പോൾ കൂടുതൽ ശബ്ദമുണ്ടാകുന്ന ഷൂസും ഒഴിവാക്കുന്നതായിരിക്കും നല്ലത്. രാവിലെ മുതൽ വൈകിട്ട് വരെയുള്ള ഓഫീസ് സമയത്ത് കുറച്ച് സ്മാർട്ടായിരിക്കാൻ നല്ലതാണ് മേക്കപ്പ്. എന്നുകരുതി കൂടുതലാകരുത്. വളരെ ലളിതമായി അല്പം ഫേസ് ക്രീമോ ലിപ്ഗ്ലോസോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വളരെ സിംപിൾ ആയിട്ടുള്ള മേക്കപ്പ് ആയിരിക്കും നിങ്ങളെ കുറിച്ച് മറ്റുള്ളവരിൽ മതിപ്പ് സൃഷ്ടിക്കുക.
ഓഫീസിലേക്കുള്ള വസ്ത്രങ്ങൾക്കിണങ്ങുന്നത് വളരെ ലളിതമായ ആഭരണങ്ങളായിരിക്കും. വലിയ മാലയും വളയും ഒഴിവാക്കുന്നതാകും നല്ലത്. വലിപ്പം കുറഞ്ഞ കമ്മലുകൾ, ആഡംബരങ്ങളില്ലാത്ത വളയും മോതിരവും ഒക്കെയാവും ഓഫീസ് അന്തരീക്ഷത്തിന് യോജിച്ചത്. അതും വളരെ ചെറുതാണ് കാഴ്ചയ്ക്കും ഉപയോഗത്തിനും വളരെ നല്ലത്.