varavishesham

ഗവർണർ ആരിഫ് ഖാൻജിയിൽ സമ്പൂർണവിശ്വാസം ചെന്നിത്തലഗാന്ധിക്കുണ്ടായിരുന്നു. നോ റസ്റ്റ്, ഓൺലി ട്രസ്റ്റ് എന്നുള്ളത് ഏതോ അലുമിനിയം റൂഫ്ഷീറ്റിന്റെ പരസ്യവാചകം മാത്രമായിരുന്നില്ല, ചെന്നിത്തലഗാന്ധിയെ സംബന്ധിച്ചിടത്തോളം. തുരുമ്പില്ല, വിശ്വാസം ഒന്ന് മാത്രം എന്നാണ് ആരിഫ്ഖാൻജിയുടെ മട്ടും മാതിരിയും കണ്ട നാൾ മുതൽ ചെന്നിത്തലഗാന്ധി വിശ്വസിച്ചു പോരുന്നത്. ചെന്നിത്തലഗാന്ധിയുടെ മനസ്സും ആ അലുമിനിയം റൂഫ്ഷീറ്റ് പോലെയാണ്. നോ റസ്റ്റ്, ഓൺലി ട്രസ്റ്റ്! (ചോമ്പാല മുല്ലപ്പള്ളി ഗാന്ധിയും ഓ.സി ഗാന്ധിയും ക്ഷമിക്കുക!)

പിണറായി സഖാവ് നയപ്രഖ്യാപനം എന്നും പറഞ്ഞ് ചക്ക് എന്നെഴുതിക്കൊടുത്താൽ ആരിഫ്ഖാൻജി കൊക്ക് എന്നേ വായിക്കൂ എന്ന് ചെന്നിത്തല ഗാന്ധി വെറുതെ വിശ്വസിച്ചിരുന്നു. നിയമസഭയിൽ പൗരത്വനിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയപ്പോൾ ആരോട് ചോദിച്ചിട്ടാണ് ഈ പ്രമേയം പാസ്സാക്കിയത് എന്ന് കണ്ണ് രണ്ടും ഉരുളക്കിഴങ്ങ് പോലെ ഉരുട്ടിക്കൊണ്ട് ചോദിച്ചത് ഖാൻജിയാണ്. അതുകൊണ്ടുതന്നെ ഖാൻജിയുടെ നാക്കും പഴയ ചാക്കും ഒരുപോലെയല്ല എന്ന് ചെന്നിത്തലഗാന്ധി ഉറച്ചുവിശ്വസിച്ചു.

നയപ്രഖ്യാപനത്തിലെ പൗരത്വഭാഗം വായിക്കാനാവില്ലെന്നും പറഞ്ഞ് ഖാൻജി നാഴികയ്ക്ക് നാല്പത് വട്ടവും പിണറായി സഖാവിന് കത്തെഴുതുമായിരുന്നു. ഖാൻജി അത് വായിക്കില്ലല്ലോ എന്നുറച്ച വിശ്വാസം ഒന്ന് കൊണ്ടു മാത്രമാണ് ഖാൻജിയെ നാട് കടത്താനാവശ്യപ്പെടുന്ന പ്രമേയം എഴുതിത്തയ്യാറാക്കി സ്പീക്കറദ്ദേഹത്തിന് ചെന്നിത്തല കൈമാറിയത്. അംബേദ്കർസാഹിബ് ഭരണഘടന എഴുതിത്

തയ്യാറാക്കുന്നതിനേക്കാൾ വലിയ അദ്ധ്വാനം ഇതിനായി ചെന്നിത്തലഗാന്ധിക്ക് വേണ്ടിവന്നുവെന്ന് കെ.പി.സി.സി ചരിത്രവിഭാഗം രേഖപ്പെടുത്തിവച്ചിട്ടുണ്ട്.

നിയമസഭ പാസ്സാക്കിയ പ്രമേയത്തെ കുറ്റം പറയാൻ ഗവർണ്ണർക്കെന്തധികാരം എന്ന ചോദ്യം ന്യായമാണ്. അങ്ങനെയൊരു ഗവർണ്ണറുമായി മുന്നോട്ട് പോകാൻ പിണറായി സഖാവ് തയ്യാറാവില്ല എന്ന് ചെന്നിത്തലഗാന്ധി 'അണ്ടർഎസ്റ്റിമേറ്റ്' ചെയ്തതും അതുകൊണ്ടാണ്. നയപ്രഖ്യാപനത്തിലെ പൗരത്വഭാഗം കൂടി ഖാൻജി വായിക്കാതെ വിടുന്നതോടെ തന്റെ പ്രമേയം പിണറായി സഖാവ് ഏറ്റെടുത്തുകൊള്ളും എന്ന് ചെന്നിത്തലഗാന്ധി വിശ്വസിച്ചുപോയത് ഖാൻജിയിലുള്ള ആ വിശ്വാസം ഒന്നുകൊണ്ട് മാത്രമായിരുന്നു.

പക്ഷേ ഇതുപോലുള്ള പത്ത് ഖാൻജിമാരെ കൈകാര്യം ചെയ്തിട്ടുള്ള പിണറായി സഖാവിന്റെ മനസ് അളക്കാൻ ചെന്നിത്തലഗാന്ധിക്ക് സാധിച്ചോ? ഇല്ല. ഗവർണർമാർ പലരും വന്നിട്ടുണ്ട്. ഗവർണർമാരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് പിണറായി സഖാവിനെ ആരെങ്കിലും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. പിണറായി സഖാവിന്റെ കളരിഗുരുക്കളായിരുന്ന എം.വി.ആർ സഖാവും മറ്റും പണ്ട്, 82ൽ, ജ്യോതി വെങ്കടാചലം എന്നൊരു ഗവർണറെ കൈകാര്യം ചെയ്തത് ചെന്നിത്തലഗാന്ധി കണ്ടിട്ടില്ല. ഇതുപോലെ നയപ്രഖ്യാപനത്തിന് വന്ന ഗവർണറെ കൂവിവെളുപ്പിച്ചപ്പോൾ അഞ്ച് മിനിറ്റിൽ നയപ്രഖ്യാപനം നിറുത്തി ഗവർണർ മടങ്ങിപ്പോയതാണ്. ഏത് ഗവർണറെയും വേണ്ടി വന്നാൽ സംഹരിക്കാനും വേണ്ടി വന്നാൽ സ്വാംശീകരിക്കാനും കെല്പുള്ളയാളാണ് പിണറായി സഖാവ്.

ഖാൻജി പത്ത് കത്തെഴുതിയാൽ ഒറ്റ കത്തിലൂടെ ഖാൻജിയെ കൊക്കിലൊതുക്കാൻ പിണറായി സഖാവിന് സാധിക്കും. അത് ചെന്നിത്തലഗാന്ധി തിരിച്ചറിയണമായിരുന്നു. വിയോജിപ്പൊക്കെ പറഞ്ഞെങ്കിലും ആരിഫ്ഖാൻജി പൗരത്വഭേദഗതിക്കെതിരായ വിമർശനവും അതിനപ്പുറവും വായിച്ചിട്ടാണ് മടങ്ങിയത്. ഇങ്ങനെയുള്ള ഖാൻജിയെ വഴി തടയണമായിരുന്നോയെന്ന ചിന്ത ഇപ്പോൾ ചെന്നിത്തലഗാന്ധിയിലും ശിഷ്യരിലും രൂഢമൂലമായിട്ടുണ്ട്. ശരിക്കും ഖാൻജിയെപ്പറ്റി പിണറായി സഖാവ് വിശ്വസിച്ചതും ചെന്നിത്തലഗാന്ധിയുടെ അതേ മട്ടിലായിരുന്നു. നോ റസ്റ്റ് ഓൺലി ട്രസ്റ്റ് എന്ന്. അതുകൊണ്ട് ഖാൻജി അത് വായിക്കുമെന്ന് പിണറായി സഖാവിന് തീർച്ചയായിരുന്നു.

പൗരത്വനിയമത്തിൽ സർക്കാരിന്റെ നയം ഖാൻജി വായിച്ച സ്ഥിതിക്ക് ചെന്നിത്തലഗാന്ധിയുടെ നാടുകടത്തൽ പ്രമേയം ശംഖുമുഖം കടലിൽ ഒഴുക്കിക്കളയാൻ നിയമസഭയുടെ കാര്യോപദേശകസമിതിയിൽ പിണറായി സഖാവും ബാലൻസഖാവും കല്പിച്ചിരിക്കുകയാണ്. അതൊരു കല്ലേപ്പിളർക്കുന്ന കല്പനയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണന് നല്ലപോലെ തിരിച്ചറിയാനാവും.

ചെന്നിത്തലഗാന്ധിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പിടിച്ച പ്രമേയത്തിന് തന്നെയാണ് നാല് കൊമ്പുള്ളത്. അത് പിണറായി സഖാവ് തിരിച്ചറിയുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം മാത്രം. അതുകൊണ്ട് ഖാൻജി പിണറായി സഖാവിന്റെ കാവലിൽ അവിടെയിരിക്കും. ചെന്നിത്തലഗാന്ധി പ്രമേയവുമായി മുന്നോട്ട് പോകട്ടെ. എങ്കിലും ഒരു കാര്യം ചെന്നിത്തലഗാന്ധി തിരിച്ചറിയുന്നത് നന്നായിരിക്കും. ഏത് ആരിഫ്ഖാൻജിയെയും അതിര് കടന്ന് വിശ്വസിക്കരുത്. അല്ലെങ്കിൽ, അലുമിനിയം റൂഫ് ഷീറ്റിനെ പോലെയെങ്കിലും വിശ്വസിക്കാൻ പാടില്ല.

..................

- നടുവൊടിഞ്ഞ് കിടക്കുന്ന ഐസക് സഖാവിന്റെ നെഞ്ചത്ത് കരിങ്കല്ല് കൂടി കയറ്റി വച്ച പാവം ക്രൂരയായിപ്പോയി നമ്മുടെ നിർമ്മലാ സീതാരാമൻജി. കേന്ദ്ര ബഡ്ജറ്റെന്നും പറഞ്ഞ് ഇങ്ങനെയൊക്കെ കാട്ടാമോ? സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരുന്ന നികുതിയും ഇല്ലാതാക്കി. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത മനസ്സുമായി ന.മോ.ജിയും ഷാജിയും നിർമ്മലാജിയും നിൽക്കുമ്പോൾ ഐസക് സഖാവിന്റെ ബഡ്ജറ്റ് പെട്ടിയിൽ എന്തുണ്ടാകാനാണ്? ഉള്ളത് കൊണ്ടോണം പോലെ കൊണ്ടാടാൻ ശ്രമിക്കണം, തളരരുത് എന്നേ ഇത്തരുണത്തിൽ ദ്രോണർക്ക് ഉപദേശിക്കാനുള്ളൂ.

ഇ-മെയിൽ: dronar.keralakaumudi@gmail.com