traffic-fine-

ന്യൂഡൽഹി : മോട്ടോർ വെഹിക്കിൾ നിയമത്തിൽ വാഹനങ്ങളുടെ ഫസ്റ്റ് എയിഡ് ബോക്സിൽ ഉണ്ടായിരിക്കേണ്ട വസ്തുക്കളെ കുറിച്ച് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലെവിടെയും ഫസ്റ്റ് എയിഡ് ബോക്സിൽ കോണ്ടം സൂക്ഷിക്കണം എന്ന് പറയുന്നില്ല. എന്നിരുന്നാലും ഡൽഹിയിലെ കാർ ഡ്രൈവർമാർ അവരുടെ വാഹനങ്ങളിൽ കോണ്ടം ഒഴിവാക്കാറില്ല. ഇനി അഥവാ കോണ്ടം ഇല്ലെങ്കിൽ പരിശോധനയ്ക്കിടെ അധികാരികൾ ഫൈൻ എഴുതാറുമുണ്ട്. എന്നാൽ നൽകുന്ന നോട്ടീസിൽ കാരണമായി ചൂണ്ടിക്കാട്ടുന്നതാവട്ടെ ഓവർ സ്പീഡെന്നോ മറ്റോ ആവും.

എന്തുകൊണ്ടാണ് കോണ്ടം വാഹനത്തിൽ സൂക്ഷിക്കുവാൻ ആവശ്യപ്പെടുന്നത് എന്നറിയാമോ ? സുരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും, എയിഡ്സ് പോലെയുള്ള മാരക ലൈംഗിക രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി മാത്രമാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് കരുതിയാൽ തെറ്റി. ചെറിയ ആക്സിഡന്റുകളിൽ നിന്നും മുറിവിൽ കെട്ടുവാനും, രക്തമൊഴുക്ക് തടയുവാനുമാവുന്നതിനാലാണ് കോണ്ടം ഫസ്റ്റ് എയിഡ് ബോക്സിൽ കയറിക്കൂടിയത്. ഇതു കൂടാതെ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി കൈയ്യുറയായും ഇതുപയോഗിക്കുന്നവരുണ്ട്. സാധാരണ ഗതിയിൽ ഷോപ്പിൽ നിന്നും കോണ്ടം വാങ്ങുവാൻ നാണിക്കുന്നവരുണ്ട്. എന്നാൽ സുരക്ഷ ഒരുക്കുന്നതിൽ കോണ്ടത്തിനുള്ള സ്ഥാനം വളരെ വലുതാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് തലസ്ഥാന നഗരത്തിൽ വളയം പിടിക്കുന്നവർ.