ബീജിംഗ്: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു. ബീജിംഗിലെ ഇന്ത്യൻ എംബസി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും, ചൈനീസ് വിദേശികൾക്കുമുള്ള ഇ-വിസ സൗകര്യമാണ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്. ഇതിനകം തന്നെ 300 ലധികം പേർ മരിക്കുകയും 14,562 പേർക്ക് വൈറസ് ബാധ ഏൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ നടപടി.
ചൈനീസ് പാസ്‌പോർട്ട് കൈവശമുള്ളവർക്കും, ചൈനയിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും, ഇതിനകം ഇ-വിസകൾ ലഭിച്ചവർക്കും ഈ നടപടി ബാധകമാണ്. നിർബന്ധിത കാരണളാൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കഴിയാത്തവർക്ക് ബീജിംഗിലെ ഇന്ത്യൻ എംബസിയുമായോ, ഇന്ത്യൻ കോൺസുലേറ്റുമായോ ബന്ധപ്പെടാം.