ആലപ്പുഴ: കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയുള്ളവരുടെ എണ്ണം രണ്ടായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധയുള്ളതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചത്.
എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. നിലവിൽ അലപ്പുഴ മെഡിക്കൽ കോളേജിൽ മൂന്ന് പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ 124 പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലർത്തണമെന്നും കെ.കെ ശൈലജ പറഞ്ഞു.
ഐസൊലേഷനിലുള്ളവരെ ഡൽഹിയിലേക്ക് മാറ്റില്ലെന്നും മന്ത്രി രാവിലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, രോഗബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.