ബെയ്ജിംഗ് : കൊറോണ വൈറസ് ബാധ പടർന്നുപിടിച്ച ചൈനയിൽ നിന്ന് നടുക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തെരുവിൽ മരിച്ചു വീണയാളെ സഹായിക്കാതെ കൊറോണ ഭീതിയിൽ ജനം മാറി നടക്കുന്നതും, ആരോഗ്യ പ്രവർത്തകർ എത്തി കൊണ്ടുപോകുന്ന കാഴ്ചകൾ പുറത്തു വന്നിരുന്നു. ഇതു പോലെ തന്നെ പലയിടങ്ങളിലും വേണ്ട ചികിത്സ കിട്ടാതെ ജനം അക്രമാസക്തരാകുന്ന കാഴ്ചകളും പുറത്തെത്തിയിരുന്നു.
രോഗബാധയുള്ളവർ മനഃപൂർവം മറ്റുള്ളവരിലേക്ക് രോഗം പരത്താൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇപ്പോൾ ചൈനയിലെ തെരുവുകളിൽ വളർത്തു മൃഗങ്ങൾ ചത്തുവീഴുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതിനാൽ മിക്ക വീടുകളിലും ഓമനിച്ച് വളർത്തിയിരുന്ന മൃഗങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുകയാണ്. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന മൃഗങ്ങളാണ് അതിജീവിക്കാനാവാതെ ചത്തു വീഴുന്നത്. ചിത്രങ്ങളിൽ പല മൃഗങ്ങളുടെയും വായിൽ നിന്നും രക്തം പുറത്തു വരുന്നതായി കാണാനാവും. റോഡുകളിൽ വാഹനങ്ങളിൽ മുട്ടിയും മൃഗങ്ങൾ ചത്തുവീഴുന്നുണ്ട്. തെറ്റായ വിവരങ്ങൾ പരക്കുന്നത് ജനങ്ങളെ കൂടുതൽ പരഭ്രാന്തരാക്കുന്നുണ്ട്. ഇതാണ് വളർത്തു മൃഗങ്ങളെ ഒഴിവാക്കാൻ ചൈനാക്കാരെ പ്രേരിപ്പിക്കുന്നത്. ചത്തുകിടക്കുന്ന പൂച്ചകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലാണ് പ്രചരിക്കുന്നത്.
കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ചൈന ആഗോള തലത്തിലും ഒറ്റപ്പെടുകയാണ്. ഇതുവരെ 259 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതോടെ അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി മിക്ക രാജ്യങ്ങളും ചൈനയിലേക്കുള്ള യാത്രയ്ക്ക് പൗരൻമാരെ വിലക്കിയിട്ടുണ്ട്. പന്ത്രണ്ടോളം രാജ്യങ്ങളിൽ ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത്തരം പ്രവർത്തികളോട് ആദ്യം അനുകൂലമായി ചൈന പ്രതികരിച്ചില്ലെങ്കിലും ഇപ്പോൾ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.