ശ്രീനഗർ : ശ്രീനഗറിൽ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ സെൻട്രൽ റിസർവ് പോലീസ് സേനയുടെ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്കും നാല് പ്രദേശവാസികൾക്കും പരിക്കേറ്റു. സി.ആർ.പി.എഫ് പരിശോധനക്കിടെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗറിലെ പ്രതാപ് പാർക്ക് എന്ന സ്ഥലത്ത് വച്ചാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരവാദികൾ ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലേക്ക് മാറ്റി.
ചാർലി 121 കമ്പനിയുടെ രണ്ട് സൈനികർക്ക് പരിക്കേറ്റതായി സി.ആർ.പി.എഫ് വക്താവ് പങ്കജ് സിംഗ് സ്ഥിരീകരിച്ചു. സൈനികർക്ക് നിസാര പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ ശബ്ദത്തേടെയുണ്ടായ സ്ഫോടനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ പ്രദേശം സുരക്ഷ സേനയുടെ പൂർണ നിയന്ത്രണത്തിലാണ്.