tovino-thomas

മാനന്തവാടി മേരി മാതാ കോളേജിൽ നടൻ ടൊവിനോ തോമസ് സംസാരിക്കുമ്പോൾ കൂവിയ വിദ്യാർത്ഥിയെ വേദിയിൽ വിളിച്ചുവരുത്തി കൂവിപ്പിച്ച സംഭവം ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരത്തെ പിന്തുണച്ച് ഫേവർ ഫ്രാൻസിസ് എഴുതിയ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

'ഷൂട്ടിംഗിനിടയിൽ നാട്ടിൽ വന്നു വോട്ട് ചെയ്തു പോയ ടോവിനോക്ക് 'കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത' എന്ന വിഷയത്തിൽ സംസാരിക്കാൻ നൂറു ശതമാനവും അർഹതയുണ്ട്. അതൊരു സിനിമാ നടനായത് കൊണ്ടല്ല. അയാൾ ഇന്ത്യയിൽ തന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിച്ച പൗരന്മാരിൽ ഒരാളായതു കൊണ്ടാണ്'-ഫേവർ ഫ്രാൻസിസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ദേ ആർ നോട്ട് ട്രോളി പുള്ളേർസ്, ബട്ട് ക്രൗഡ് പുള്ളേർസ്
(അഥവാ ഒരു വയനാടൻ കൂവൽ അപാരത!)

എന്തിനാണ് സകല പരിപാടികളും ഉത്ഘാടനം ചെയ്യാൻ സിനിമാ താരങ്ങൾ?
ഉത്തരം ലളിതമാണ്. സാഹിത്യകാരന്മാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അക്കാദമിക്
ബുദ്ധിജീവികൾക്കോ ഇല്ലാത്ത ഒന്ന് അവർക്ക് സ്വന്തമായുണ്ട്. ഒരക്ഷരം പോലും പറയാതെ
ഒരു വാക്ക് പോലും പ്രസംഗിക്കാതെ പാട്ടു പാടാതെ ഫിലോസഫി പറയാതെ ആളെക്കൂട്ടാനുള്ള
കഴിവ്. അതറിയാവുന്നവർ അവരെ സ്വർണ്ണക്കട ഉത്ഘാടനത്തിനു വിളിക്കും, തുണിക്കട, പാത്രക്കടയെന്നു വേണ്ടാ ആക്രിക്കടയുടെ ഉത്ഘാടനത്തിനു പോലും വിളിക്കും. അവരുടെ സാന്നിദ്ധ്യം തന്നെ ആ വ്യാപാരസ്ഥാപങ്ങൾക്ക് പരസ്യമാണ്. അത് കച്ചോടക്കാർക്ക് നന്നായറിയാം. അതിലും നന്നായി അക്കാര്യം സിനിമാ താരങ്ങൾക്കും അറിയാം. ആളെക്കൂട്ടാൻ കച്ചോടക്കാർ ടോവിനോ തോമസിനെ മാത്രമല്ല സണ്ണി ലിയോണിയെയും വിളിക്കും. എന്നാൽ ഒരു കോളേജിൽ അവിടത്തെ അധ്യാപകരുടെയും കുട്ടികളുടേയും മാത്രം പരിപാടിയിൽ എന്തിനാണ് ഒരു സിനിമാ താരം? ഫൈൻ ആർട്സ് ഡേ തൊട്ടു അക്കാദമിക് സെമിനാറുകൾക്കു വരെ ഉത്ഘാടകരായും വിശിഷ്ഠാതിഥിയായും എന്തിനാണ് സിനിമാ താരങ്ങൾ?

ഒരു അനുഭവം പറയാം. ഒരു പ്രശസ്ത വനിതാ കോളേജിൽ പ്രവാസ സാഹിത്യത്തെക്കുറിച്ചൊരു നാഷണൽ സെമിനാർ നടക്കുന്നു. ഉത്ഘാടകനായി പ്രവാസിയായിരുന്ന, എഴുത്തുകാരനായ, ഒരാളെ വേണം. കക്ഷി പ്രവാസിയായിരുന്നു എഴുത്തുകാരനായിരുന്നു എന്നതല്ല സംഘാടകരുടെ താല്പര്യത്തിനുള്ള കാരണം. ഇപ്പോൾ അദ്ദേഹം അറിയപ്പെടുന്ന ഒരു സിനിമാ നടനാണ്. പ്രവാസത്തിൻറെ ചൂടും തണുപ്പുമേറ്റുവാങ്ങി എത്രയോ മികച്ച രചനകൾ നടത്തിയിട്ടുള്ള എഴുത്തുകാർ കണ്മുന്നിൽ നിൽക്കുമ്പോഴാണ് സംഘാടകർക്ക് സെമിനാർ ഉൽഘാടിക്കാൻ സിനിമാ താരത്തെ വേണ്ടത്. അവർ 15000 രൂപ കൊടുക്കാൻ തയ്യാറാണ്. സംഘാടകരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ആ നടനെ വിളിച്ചു. പുള്ളി കാര്യം ഓപ്പൺ ആയിത്തന്നെ പറഞ്ഞു.

"ഒരു ദിവസത്തെ അഭിനയത്തിന് ഞാൻ ഒരു ലക്ഷം വാങ്ങുന്നുണ്ട്. അതും കളഞ്ഞു ഈ സാഹിത്യസെമിനാറിനൊന്നും വരാൻ എനിക്ക് വട്ടില്ല. "

ഇനി സെമിനാര് ഉത്ഘാടനം ചെയ്യാൻ എത്തുന്ന സിനിമാ നടനെക്കുറിച്ചു സെമിനാറിൽ പങ്കെടുക്കാൻ വരുന്ന അക്കാദമിക് ബുദ്ധിജീവികൾ കരുതുന്നത് എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇത്രയും ഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ എന്താണ് ഈ നടന്റെ സ്ഥാനം? ഇയാളാരാണ് ഈ സദസ്സിൽ ഇരിക്കാൻ? എന്ത് യോഗ്യതയാണ് അയാൾക്കുള്ളത്? കുറച്ചു സിനിമയിൽ മുഖം കാണിച്ചു എന്നതാണോ ഇവിടെ ഇരിക്കാനുള്ള യോഗ്യത? ഇതേ നടൻ / നടി അഭിനയിച്ചിട്ടുള്ള സകല സിനിമകളും കണ്ടു തലകുത്തി ചിരിച്ചട്ടുള്ള അക്കാദമിക പുംഗവന്മാരിൽ പലരും തങ്ങളുടെ കോളേജിലെത്തുന്ന നടീ നടന്മാരെ അറിയില്ലെന്നുള്ളമട്ടിൽ പെരുമാറുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്? എന്താണ് ചെയ്യുന്നത്? ഓ അങ്ങിനെയൊരു സിനിമയുണ്ടോ? എന്നൊക്കെ ചോദിച്ചു കളയും ഈ അക്കാദമികന്മാർ. പിന്നെ അവസാനത്തെ ആണിയെന്നോണം "ഞാനീ മലയാളം സിനിമയൊന്നും കാണാറില്ല" എന്നൊരു പ്രസ്താവനയും നടത്തും.

ഇനിയെങ്കിലും ആലോചിക്കൂ സംഘാടകരേ, 'കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത' എന്ന വിഷയത്തിൽ സംസാരിക്കാൻ ടോവിനോയെ ക്ഷണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? തങ്ങളുടെ കോളേജിൽ നടന്ന പരിപാടിയിൽ ഒരു സിനിമാ നടൻ പങ്കെടുത്തു എന്ന് മേനി പറയാനല്ലാതെ ടോവിനോ ഈ വിഷയത്തിൽ ഒരു ഗംഭീര പ്രബന്ധം അവതരിപ്പിക്കും എന്ന് നിങ്ങൾ കരുതിയിരുന്നോ? ഉത്ഘാടന പരിപാടിക്ക് ആളെക്കൂട്ടുക എന്നതിൽ കവിഞ്ഞു ടോവിനോയെ ക്ഷണിച്ചതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ?

ഒരു തേങ്ങയും ഇല്ല. എന്നാൽ ഞാൻ പറയാം, ഷൂട്ടിങ്ങിനിടയിൽ നാട്ടിൽ വന്നു വോട്ട് ചെയ്തു പോയ ടോവിനോക്ക് 'കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത' എന്ന വിഷയത്തിൽ സംസാരിക്കാൻ നൂറു ശതമാനവും അർഹതയുണ്ട്. അതൊരു സിനിമാ നടനായത് കൊണ്ടല്ല. അയാൾ ഇന്ത്യയിൽ തന്റെ വോട്ടവകാശം കൃത്യമായി വിനോയോഗിച്ച പൗരന്മാരിൽ ഒരാളായതു കൊണ്ടാണ്. ടോവിനോ സംസാരിച്ചതിൽ വിയോജിപ്പുണ്ടെങ്കിൽ അത് കൂവി അറിയിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ തന്നെ സ്റ്റേജിലേക്ക് വിളിച്ചു, കൂവാൻ പറഞ്ഞപ്പോൾ താൻ എന്തിനാണ് കൂവിയതെന്നു മൈക്കിലൂടെ പറയാൻ ആ വിദ്യാർത്ഥി ധൈര്യം കാണിക്കണമായിരുന്നു. അത് ചെയ്യാത്തിടത്തോളം ആ വിദ്യാർത്ഥിയുടേത് വെറുമൊരു ഷോ മാത്രമാണ്.

(ടോവിനോയുടെ സുഹൃത്തായ സുവിൻറെ പുസ്തക പ്രകാശന ചടങ്ങിൽ പുസ്തക പരിചയം നടത്തുക എന്ന കടമ നിർവഹിക്കേണ്ടിയിരുന്ന എന്നെ, ഉത്ഘാടന പ്രസംഗത്തിൽ ആ പുസ്തകത്തിലെ ഓരോ കഥകളെയും വിശദമായി വിശകലനം ചെയ്തു സംസാരിച്ചു നിരായുധനാക്കിയ ടോവിനോയെ എനിക്ക് ഓർമയുണ്ട്. അന്ന് മറ്റ് അക്കാദമിക് കുളാണ്ടർമാരേപ്പോലെ ഞാനും ആലോചിച്ചിട്ടുണ്ട്,

'സിനിമാ നടന്മാർ പുസ്തകമൊക്കെ വായിക്കുമോ?')

സുലാൻ