shot-dead

ലക്നൗ: ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു മഹാസഭയുടെ മുൻ സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ബച്ചൻ പൊതു നിരത്തിൽ വെടിയേറ്റ് മരിച്ചു. ലക്നൗവിന് സമീപം ഹസ്രത്ഗഞ്ചിൽ ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ തന്റെ ബന്ധുവായ ആശിഷ് ശ്രീവാസ്തവിനോടൊപ്പം നടക്കാനിറങ്ങിയ രഞ്ജിത്തിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തലയിൽ വെടിയേറ്റ രഞ്ജിത് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അക്രമികൾ രണ്ടുപേരുണ്ടായിരുന്നുവെന്നും ഒന്നിലേറെ തവണ ഇവർ വെടിവച്ചെന്നും റിപ്പോർട്ടുകളുണ്ട്. കൃത്യം നടത്തിയതിന് ശേഷം ഇവർ കടന്നുകളഞ്ഞു. രഞ്ജിത്തിനോടൊപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഘോരഖ്പൂർ സ്വദേശിയായ രഞ്ജിത് തന്റെ 40ാം പിറന്നാൾ ആഘോഷിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷത്തിനായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്തുമെന്നും സെന്റർ ലക്നൗ ഡി.സി.പി ദിനേഷ് സിംഗ് പറഞ്ഞു. സമാജ്‌വാദി പാർട്ടി പ്രവർത്തകനായിരുന്ന രഞ്ജിത്, ഹിന്ദു തത്വങ്ങളിലുള്ള താത്പര്യം മൂലമാണ് വിശ്വ ഹിന്ദു മഹാസഭയിൽ ചേർന്നത്.